വാസ്കോ > കേരള ബ്ലാസ്റ്റേഴ്സ് ഉയർത്തെഴുന്നേൽക്കുന്നു. ചെന്നൈയിൻ എഫ്സിയെ മൂന്ന് ഗോളിന് തരിപ്പണമാക്കി ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ ഫുട്ബോളിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു. ആദ്യ മത്സരങ്ങളിലെ പതർച്ചയ്ക്കുശേഷമാണ് ഈ കുതിപ്പ്. കഴിഞ്ഞ കളിയിൽ ചാമ്പ്യൻമാരായ മുംബൈ സിറ്റിക്കെതിരെ നടത്തിയ മികവ് ആവർത്തിച്ചു ഇവാൻ വുകോമനോവിച്ചും ടീമും. ഏഴ് കളിയിൽ മൂന്ന് വീതം ജയവും സമനിലയും ഒരു തോൽവിയുമായി 12 പോയിന്റായി ബ്ലാസ്റ്റേഴ്സിന്. മുംബൈയാണ് (15) ഒന്നാമത്.
ജോർജ് ഡയസ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ എന്നിവരാണ് ചെന്നൈയിനെതിരെ ലക്ഷ്യം കണ്ടത്.
തുടർച്ചയായ രണ്ടാം കളിയിലും അച്ചടക്കത്തോടെ പന്തുതട്ടി ബ്ലാസ്റ്റേഴ്സ്. കൃത്യമായിരുന്നു പദ്ധതികൾ. പിഴവുകളില്ലാത്ത ആസൂത്രണം ഫലത്തിലെത്തി. ഒമ്പതാം മിനിറ്റിൽ പുയ്ട്ടിയ നൽകിയ പന്തുമായി മുന്നേറി ഡയസ് തൊടുത്തു. ബ്ലാസ്റ്റേഴസ് ആഘോഷിച്ചു. ഒന്നാംഗോൾ വഴങ്ങിയപ്പോൾ ചെന്നൈയിൻ ഉണർന്നെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. ജർമൻപ്രീതിന്റെ ഹെഡ്ഡർ ഗോൾകീപ്പർ പ്രഭ്സുഖൻ സിങ് രക്ഷപ്പെടുത്തി. ഇടവേളയ്ക്ക് മുമ്പ് സഹൽ ലീഡുയർത്തി.
രണ്ടാംപകുതിയും ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങളോടെയാണ് ആരംഭിച്ചത്. ക്യാപ്റ്റൻ ജെസെൽ കർണെയ്റോയുടെ ഷോട്ട് ബാറിൽതട്ടി മടങ്ങി. ഒന്നിച്ച് പ്രതിരോധിച്ച് മിന്നൽ പ്രത്യാക്രമണത്തിലൂടെ മുന്നേറുക എന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രീതി. ഇതിന് മുന്നിൽ ചെന്നൈയിന് പിടിവിട്ടു. കളിയവസാനം മൂന്നാം ഗോളും കുറിച്ച് ലൂണ മഞ്ഞപ്പടയുടെ ജയം ഊട്ടിയുറപ്പിച്ചു. 26ന് ജംഷഡ്പുർ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.