ന്യൂഡൽഹി: എസ്എൻസി ലാവലിൻ ഉൾപ്പടെയുള്ള സുപ്രധാന കേസ്സുകളിലെ സംസ്ഥാന സർക്കാർ അഭിഭാഷകൻ ജി പ്രകാശിന്റെ സുപ്രീം കോടതി സ്റ്റാൻഡിങ് കൗൺസൽ കാലാവധി അവസാനിപ്പിച്ചു. അതേസമയം മുല്ലപെരിയാർ ഉൾപ്പടെയുള്ള അന്തർ സംസ്ഥാന ജല തർക്കവുമായി ബന്ധപ്പെട്ട ഹർജികളിൽ പ്രകാശിനെ അഭിഭാഷകനായി നിലനിർത്താനും സർക്കാർ തീരുമാനിച്ചു. 65 വയസ്സിന് ശേഷം സർക്കാരിന് വേണ്ടി പ്രകാശ് ഹാജരായ കേസ്സുകൾ ക്രമവൽക്കരിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2016 ജൂൺ 30ന് പ്രകാശിനെ സ്റ്റാന്റിംഗ് കൗൺസൽ ആയി നിയമിച്ചത്. മൂന്ന് വർഷത്തേക്കായിരുന്നു നിയമനം. ഇത് അവസാനിച്ച 2019 ജൂണിൽ കാലാവധി വീണ്ടും മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകി. 2022 ജൂണിൽ ആണ് ഈ കാലാവധി അവസാനിക്കേണ്ടത്. ഇതിനിടയിൽ 65 വയസ് പിന്നിട്ട പ്രകാശ് സ്റ്റാന്റിംഗ് കൗൺസൽ ആയി തുടരുന്നത് ചട്ട വിരുദ്ധമാണെന്ന് ആരോപിച്ച് സർക്കാരിനും സിപിഎമ്മിനും നിരവധി പരാതികൾ ലഭിച്ചിരുന്നു.
1978-ലെ സർക്കാർ അഭിഭാഷകരുടെ (നിയമനവും സേവന വ്യവസ്ഥകളും) കേസ് നടത്തിപ്പും ചട്ടത്തിന്റെ അടിസ്ഥാനത്തിനാലാണ് സുപ്രീം കോടതിയിൽ സർക്കാർ സ്റ്റാൻഡിങ് കൗൺസൽമാരെ നിയമിക്കുന്നത്. ചട്ടത്തിലെ വ്യവസ്ഥ പ്രകാരം അറുപത്തി അഞ്ച് വയസ്സുവരെ മാത്രമേ സേവനം അനുഷ്ഠിക്കാൻ കഴിയുകയുള്ളു. ഇതേ തുടർന്നാണ് കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് പ്രകാശിനെ നീക്കാൻ സർക്കാർ തീരുമാനിച്ചത്.
ഭാവിയിൽ ഉയർന്നേക്കാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കാനാണ് 65 വയസ് പിന്നിട്ട ശേഷം പ്രകാശ് ഹാജരായ കേസ്സുകൾ ക്രമവൽക്കരിക്കാൻ സർക്കാർ തീരുമാനിച്ചത്. സ്റ്റാന്റിംഗ് കൗൺസൽ പദവി ഇല്ലെങ്കിലും സുപ്രധാനമായ മുല്ലപെരിയാർ കേസിൽ സർക്കാരിന്റെ അഭിഭാഷകനായി തുടരും. ആവശ്യമെങ്കിൽ ഭാവിയിൽ സംസ്ഥാന സർക്കാരിന് സുപ്രധാനമായ കേസ്സുകളിൽ പ്രത്യേക ഉത്തരവിലൂടെ പ്രകാശിനെ നിയമിക്കാവുന്നതാണെന്നും സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിലവിൽ പ്രകാശ് ഹാജരായിക്കൊണ്ടിരുന്ന കേസുകളുടെ ഫയലുകൾ മറ്റ് സ്റ്റാന്റിംഗ് കൗൺസൽമാർക്ക് കൈമാറാൻ അഡ്വക്കേറ്റ് ജനറലിനോട് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
അപ്രതീക്ഷിതമായ സർക്കാർ തീരുമാനം ആർ.ബി.ഐ. നിലപാടിനെതിരായ സ്യൂട്ട് ഫയൽ ചെയ്യാനിരിക്കെ
സഹകരണ ബാങ്ക് വിഷയത്തിൽ ആർ.ബി.ഐ. നിലപാടിനെതിരേ സംസ്ഥാന സർക്കാറിന്റെ ഒർജിനൽ സ്യൂട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്യാൻ ചുമതലപെടുത്തിയിരുന്നത് ജി പ്രകാശിനെയാണ്. കഴിഞ്ഞ ആഴ്ച ഡൽഹിയിൽ വച്ച് സീനിയർ അഭിഭാഷകൻ കെ വി വിശ്വനാഥുമായി സഹകരണ മന്ത്രി വി. എൻ വാസവൻ നടത്തിയ ചർച്ചയിലും പ്രകാശ് പങ്കെടുത്തിരുന്നു. ഈ ചർച്ചയിൽ മുഖ്യമന്ത്രിയുടെ നിയമഉപദേശകൻ കെ കെ രവീന്ദ്രനാഥും ഉണ്ടായിരുന്നു.
ഒർജിനൽ സ്യൂട്ട് ഫയൽ ചെയ്യുന്നതിന് മുന്നോടിയായി അഡ്വക്കേറ്റ് ജനറൽ കെ ഗോപാല കൃഷ്ണ കുറുപ്പ് ഡൽഹിയിൽ സീനിയർ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതും പ്രകാശിന്റെ സാന്നിധ്യത്തിലായിരുന്നു.സ്റ്റാന്റിംഗ് കൗൺസൽ പദവിയിൽ നിന്ന് പ്രകാശിനെ നീക്കിയ സാഹചര്യത്തിൽ സഹകരണ ബാങ്ക് വിഷയത്തിൽ ആർ.ബി.ഐ. നിലപാടിനെതിനെതിരായ സർക്കാരിന്റെ സ്യൂട്ട് ആര് ഫയൽ ചെയ്യുമെന്ന് വ്യക്തമല്ല. മുല്ലപെരിയാർ കേസ് പോലെ സർക്കാർ പ്രത്യേക ഉത്തരവിറക്കിയാൽ ആർബിഐ വിഷയത്തിലും സ്യൂട്ട് ഫയൽ ചെയ്യാനാകും.
പിണറായിയുടെ വിശ്വസ്തനെ വീഴ്ത്തിയത് കത്തുകളും, വിവരാവകാശ ചോദ്യങ്ങളും.
കത്തുകളിലൂടെയും, പരാതികളിലൂടെയുംജി പ്രകാശിന് 65വയസ് പിന്നിട്ടത് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതാണ്. എന്നാൽ അടുത്ത വർഷം ജൂണിൽ കാലാവധി തീരുന്നത് വരെ സ്റ്റാൻഡിങ് കൗൺസലായി തുടരട്ടെ എന്നായിരുന്നു സർക്കാർ തലത്തിൽ ഉണ്ടായിരുന്ന ധാരണ. ഇതിനിടയിൽ പ്രകാശിന്റെ പ്രായം എത്ര, സർക്കാർ ചട്ട പ്രകാരം 65 കഴിഞ്ഞവർ സ്റ്റാന്റിംഗ് കൗൺസലായി തുടർന്ന് കേസ്സുകളിൽ സർക്കാരിന് വേണ്ടി ഹാജരാകുന്നത് നിയമപരമായി നിലനിൽക്കുമോ തുടങ്ങി നിരവധി വിവരാവകാശ ചോദ്യങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി സർക്കാരിന് ലഭിച്ചിരുന്നു.
പ്രകാശ് സ്റ്റാന്റിംഗ് കൗൺസലായി തുടർന്നുന്നതിനെതിരെ ചില കത്തുകൾ ഗവർണറുടെ ഓഫീസിനും ലഭിച്ചതായി സർക്കാരിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പിൽ നിന്ന് നിയമ ഉപദേശം തേടിയിരുന്നു. എജിയുടെ നിയമ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കാലാവധി അവസാനിപ്പിക്കാനും, 65വയസിന് ശേഷം ഹാജരായ കേസ്സുകൾ ക്രമവൽക്കരിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
മുല്ലപെരിയാർ കേസിൽ തുടർന്നും പ്രകാശ് തന്നെ ഹാജരായാൽ മതിയെന്ന നയപരമായ തീരുമാനം എടുത്തത് മുഖ്യമന്ത്രിയാണ്. സുപ്രീം കോടതിയിൽ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ തസ്തിക രൂപീകരിച്ച് ആ പദവിയിലേക്ക് പ്രകാശിനെ പരിഗണിക്കാൻ ഒരു ഘട്ടത്തിൽ ആലോചന ഉണ്ടായിരുന്നു. എന്നാൽ സീനിയർ അഭിഭാഷക പദവിയില്ലാത്തത് തിരിച്ചടിയായി. ഖജനാവിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ഒരു പദവിയും രൂപീകരിക്കരുതെന്ന ധനകാര്യ വകുപ്പിന്റെ കർശന നിലപാടും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ തസ്തിക രൂപീകരിക്കുന്നതിന് വിലങ് തടിയായി.
ലാവലിൻ ഹർജികളിൽ സംസ്ഥാന സർക്കാരിന് ഇനിയാര് ?
എസ്എൻസി ലാവലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നൽകിയത് ഉൾപ്പടെയുള്ള ഹർജികളിൽ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസൽ ജി പ്രകാശാണ്. വിഎസ് അധികാരത്തിലിരുന്നപ്പോൾ സുപ്രീം കോടതിയിൽ നടന്ന ലാവലിൻ കേസിലും സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ പ്രകാശായിരുന്നു.
ലാവലിൻ ഹർജികൾ ജനുവരിയിൽ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി വെബ് സൈറ്റിൽ രേഖപെടുത്തിയിരിക്കുന്നത്. എന്നാൽ സിബിഐ ഉൾപ്പടെ കേസിലെ ഒരു കക്ഷിക്കും ഹർജികളിൽ വാദം കേൾക്കണം എന്ന് താത്പര്യം ഇല്ലാത്തതിനാൽ കോടതിയുടെ പരിഗണനയ്ക്ക് വരാനുള്ള സാധ്യത വീണ്ടും നീണ്ടു പോകാനാണ് സാധ്യത. സർക്കാർ സ്റ്റാൻഡിങ് കൗൺസൽ അല്ലെങ്കിലും ലാവലിൻ ഹർജികളിൽ സിബിഐയ്ക്ക് എതിരായ നിയമപോരാട്ടത്തിൽ പ്രകാശ് അഭിഭാജ്യ ഘടകമായി തുടരുമെന്ന് സിപിഎം വൃത്തങ്ങൾ വ്യക്തമാക്കി.
പടിയിറങ്ങുന്നത് എം കെ ദാമോദരന്റെ ശിഷ്യനായ പിണറായിയുടെ വിശ്വസ്തൻ.
ശബരിമല യുവതി പ്രവേശനം, ടി പി സെൻകുമാറിന്റെ നിയമനം, നിയമസഭാ കൈയാങ്കളി കേസ്, പൗരത്വ നിയമ ഭേദഗതതിക്ക് എതിരായ സ്യൂട്ട് തുടങ്ങി പിണറായി സർക്കാരിന്റെ കാലത്ത് സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിന് നിർണ്ണായകമായ കേസ്സുകളിൽ സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസൽ ജി പ്രകാശ് ആയിരുന്നു. ഇടമലയാർ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആയിരുന്ന വി എസ് അച്യുതാനന്ദനുമായി അകന്നതിന് ശേഷം സുപ്രീം കോടതിയിലെ പിണറായി വിജയന്റെ ഏറ്റവും വിശ്വസ്തനാണ് ജി പ്രകാശ്.
നാല് മുഖ്യമന്ത്രിമാരുടെ കാലത്ത് സുപ്രീം കോടതിയിൽ സ്റ്റാന്റിംഗ് കൗൺസലായി സേവനം അനുഷ്ഠിച്ചിട്ടുള്ള സ്റ്റാന്റിംഗ് കൗൺസൽ എന്ന പ്രത്യേകതയും പ്രകാശിനുണ്ട്. കെ കരുണാകരൻ, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ, പിണറായി വിജയൻ എന്നിവരുടെ സർക്കാരുകളുടെ സ്റ്റാന്റിംഗ് കൗൺസലയാണ് പ്രവർത്തിച്ചിട്ടുള്ളത്. മുൻ അഡ്വക്കേറ്റ് ജനറൽ എം കെ ദാമോദരന്റെ ശിഷ്യനാണ് പ്രകാശ്.
Content Highlights: g prakash`s tenure as standing counsel closed