കോട്ടയം
കേരള പേപ്പർ പ്രോഡക്റ്റ്സ് ലിമിറ്റഡിന് (കെപിപിഎൽ) 1,200 കോടി രൂപയുടെ നാലു ഘട്ട വികസന പദ്ധതി നടപ്പാക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. വെള്ളൂർ എച്ച്എൻഎൽ ഏറ്റെടുത്ത് സംസ്ഥാന സർക്കാർ രൂപീകരിച്ച കെപിപിഎൽ സന്ദർശിച്ചശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മേയ് മാസത്തിനുള്ളിൽ പുതിയ കമ്പനി ഉദ്ഘാടനംചെയ്യാനാകും. ജനുവരിയിൽ തുടങ്ങുന്ന ആദ്യഘട്ട വികസനം അഞ്ച് മാസം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യം, 34.3 കോടി രൂപ വകയിരുത്തി. രണ്ടാംഘട്ട വികസനം 44.94 കോടി രൂപ ചെലവിൽ ആറുമാസംകൊണ്ട് നടപ്പാക്കും. 650 കോടി രൂപ ചെലവഴിക്കുന്ന മൂന്നാമത്തെ ഘട്ടം 27 മാസംകൊണ്ട് പൂർത്തിയാക്കാനാകും. ബാങ്കുകളുടെയും സർക്കാരിന്റെയും സഹായത്തോടെയാകും 650 കോടി രൂപ നിക്ഷേപിക്കുക. നാലാംഘട്ടത്തിൽ 350 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
ഇറക്കുമതി ചെയ്യുന്ന പൾപ്പ് ഉപയോഗിച്ചായിരിക്കും തുടക്കത്തിൽ ന്യൂസ് പ്രിന്റ് ഉൽപാദനം. ആദ്യഘട്ടത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന കമ്പനി ഒമ്പതുമാസംകൊണ്ട് നഷ്ടമില്ലാത്ത നിലയിലേക്കെത്തും. നാലാം ഘട്ടത്തോടെ മൂന്നര ലക്ഷം ടൺ ശേഷിയിലേക്ക് മാറും. ന്യൂസ് പ്രിന്റിനൊപ്പം ടിഷ്യു പേപ്പർ പോലെയുള്ള മറ്റ് കടലാസ് ഉൽപന്നങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കും. നാലാം ഘട്ട വികസനം കഴിയുന്നതോടെ 3,200 കോടി രൂപ വിറ്റുവരവിലേക്ക് കെപിപിഎല്ലിനെ മാറ്റാനാകുമെന്നും മന്ത്രി പറഞ്ഞു.
കെപിപിഎല്ലിന്റെ ഭൂമിയുടെ ഒരു ഭാഗം കേരള റബർ കമ്പനിക്ക് റബർ പാർക്ക് തുടങ്ങാൻ കൈമാറും. കമ്പനി ഓഫീസ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. മലേഷ്യൻ മാതൃകയിലുള്ള റബർ സിറ്റി സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എംഎൽഎമാരായ സി കെ ആശ, മോൻസ് ജോസഫ്, വ്യവസായ വകുപ്പ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കേരള റബർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഷീല തോമസ്, കിൻഫ്ര എംഡി സന്തോഷ് കോശി ജേക്കബ്, കെപിപിഎൽ സ്പെഷ്യൽ ഓഫീസർ പ്രസാദ് ബാലകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.