തിരുവനന്തപുരം
അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്ക് 20 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഒന്നുമുതൽ ഏഴുവരെയുള്ള സർക്കാർ വിദ്യാലയങ്ങളിലെയും ഒന്നുമുതൽ നാലുവരെയുള്ള എയ്ഡഡ് വിദ്യാലയങ്ങളിലെയും വിദ്യാർഥികൾക്കാണ് സൗജന്യ കൈത്തറി യൂണിഫോം നൽകുന്നത്. 120കോടി രൂപയുടെതാണ് പദ്ധതി.
കൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമാക്കി 2016 മുതലാണ് കൈത്തറി യൂണിഫോം പദ്ധതി നടപ്പാക്കിയത്. നേരത്തേ 100 രൂപയിൽ താഴെ ദിവസക്കൂലിയിൽ ഏതാനും ദിവസങ്ങളിൽ മാത്രമാണ് നെയ്ത്തുകാർക്ക് തൊഴിൽ ലഭ്യമായിരുന്നത്. പദ്ധതി നടപ്പായശേഷം തൊഴിലാളിക്ക് അറുനൂറിലധികം രൂപ ദിവസവരുമാനവും 250ൽ കൂടുതൽ തൊഴിൽദിനവും ലഭ്യമാകുന്നു. ഇതുവരെ 215 കോടിയോളം രൂപ നെയ്ത്ത് കൂലിയിനത്തിൽ വിതരണം ചെയ്തു. സംസ്ഥാനത്തെ പ്രാഥമിക കൈത്തറി സംഘങ്ങളിലെ 6200 നെയ്ത്തുകാർ പദ്ധതിയുടെ ഭാഗമാണ്.
പൂട്ടിക്കിടന്ന 15 കൈത്തറി സംഘം തുറന്നു പ്രവർത്തിപ്പിച്ചു. ആവശ്യമായ നൂൽ സംസ്ഥാനത്തെ സഹകരണ സ്പിന്നിങ് മില്ലുകളിൽനിന്നാണ് വാങ്ങുന്നത്. അടച്ചിടൽ കാലത്തും ആറായിരത്തോളം നെയ്ത്തു തൊളിലാളികൾക്കും സ്പിന്നിങ് മിൽ തൊഴിലാളികൾക്കും തൊഴിൽ നൽകാനായി.