തിലക് മൈതാൻ
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നെെയിൻ എഫ്സിക്കെതിരെ. ജയിച്ചാൽ പോയിന്റ് പട്ടികയിൽ ആദ്യ നാലിലേക്ക് മുന്നേറാം. ആറ് കളിയിൽ ഒരു തോൽവിമാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. രണ്ട് ജയവും മൂന്ന് സമനിലയും. ചാമ്പ്യൻമാരായ മുംബെെ സിറ്റിയെ മൂന്ന് ഗോളിന് തകർത്തതിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. ചെന്നെെയിൻ അവസാന കളിയിൽ ഒഡിഷ എഫ്സിയെ 2–1ന് തോൽപ്പിച്ചു.
മൂന്ന് ഗോൾ നേടിയ അൽവാരോ വാസ്കസാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. ജോർജ് ഡയസ്, അഡ്രിയാൻ ലൂണ എന്നിവരും തകർപ്പൻ കളി പുറത്തെടുത്തു.
മാർച്ച് 5 വരെ പ്രാഥമികഘട്ടം
ഐഎസ്എൽ ഫുട്ബോൾ രണ്ടാംഘട്ട മത്സരക്രമം പുറത്തുവിട്ടു. മാർച്ച് അഞ്ചിന് കേരള ബ്ലാസ്റ്റേഴ്സ്–-എഫ്സി ഗോവ പോരാട്ടത്തോടെ പ്രാഥമികറൗണ്ട് അവസാനിക്കും. പ്ലേ ഓഫ്, ഫൈനൽ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.
ഡെറിക് പെരേര ഗോവ കോച്ച്
യുവാൻ ഫെറാൻഡോയ്ക്ക് പകരക്കാരനെ നിയമിച്ച് എഫ്സി ഗോവ. ക്ലബ് ടെക്നിക്കൽ ഡയറക്ടർ ഡെറിക് പെരേര ഈ സീസണിൽ ടീമിന്റെ പരിശീലകനാകും. യൂത്ത് ടീമിന്റെ ചുമതലവഹിച്ച ഡെറിക് 2019ൽ സെർജിയോ ലൊബെറൊ ടീം വിട്ടശേഷം താൽക്കാലിക പരിശീലകനുമായിരുന്നു. മഹീന്ദ്ര യുണൈറ്റഡ്, വാസ്കോ എഫ്സി, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ടീമുകളുടെ കോച്ചായിരുന്നു മുൻ ഇന്ത്യൻ പ്രതിരോധക്കാരൻ.