തേഞ്ഞിപ്പലം
ഉയരത്തിൽ അവർ ഒന്നിച്ചു, മെഡലിനൊപ്പം റെക്കോഡും പങ്കിട്ടു, ഹൃദയം നിറച്ചു.സംസ്ഥാന ജൂനിയർ മീറ്റായിരുന്നു വേദി. അണ്ടർ 20 വിഭാഗം പോൾവോൾട്ടായിരുന്നു ഇനം. കോട്ടയത്തിന്റെ ആനന്ദ് മനോജും എം ആകാശുമായിരുന്നു ആ താരങ്ങൾ. ടോക്യോ ഒളിമ്പിക്സ് ഹെെജമ്പ് വേദിയിൽ ഖത്തറിന്റെ ബാർഷിമും ഇറ്റലിയുടെ ടംബേരിയും സ്വർണം പങ്കിട്ട അപൂർവ സൗഹൃദക്കാഴ്ചയെ ഓർമിപ്പിച്ചു ഇരുവരും.
കോതമംഗലം മാർ ബേസിൽ സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും. മറികടന്നത് 4.72 മീറ്റർ. അടുത്ത ഉയരത്തിൽ മൂന്ന് അവസരം നൽകിയെങ്കിലും മറികടക്കാനായില്ല. വീണ്ടും മത്സരിക്കാൻ അവസരം നൽകാമെന്നു പറഞ്ഞു. എന്നാൽ, മെഡൽ പങ്കിടാൻ ആകാശും ആനന്ദും തീരുമാനിക്കുകയായിരുന്നു. ഈ വിഭാഗത്തിലെ റെക്കോഡാണ് 4.72 മീറ്റർ.
കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ഇതിനൊപ്പം മറ്റ് നാല് റെക്കോഡുകൂടി പിറന്നു. അണ്ടർ 20 വനിതാ വിഭാഗത്തിൽ ഹാമർ ത്രോയിൽ എറണാകുളത്തിന്റെ കെസിയ മറിയം ബെന്നിയും (47.81), 800 മീറ്ററിൽ എറണാകുളത്തിന്റെ സി ചാന്ദിനിയും (2:8.71) അണ്ടർ 18 പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ കാസർകോടിന്റെ അഖില രാജുവും (39.25) റെക്കോഡ് കുറിച്ചു.
അണ്ടർ 14 ബോൾ ത്രോയിൽ പാലക്കാടിന്റെ അഭിന (45.15) റെക്കോഡിട്ടു. മലപ്പുറത്തിന്റെ എ കെ അനന്യയും (40.14) കൊല്ലത്തിന്റെ എ ജാസ്മിനും (39.05) നിലവിലെ റെക്കോഡ് ഭേദിച്ചു. അണ്ടർ 20 വിഭാഗം പെൺകുട്ടികളുടെ 100 മീറ്ററിൽ തൃശൂരിന്റെ ആൻ റോസ് ടോമിയും (12.20 ) തൃശൂരിന്റെ വി എം മുഹമ്മദ് സജീനും (10.96 ) ജേതാക്കളായി. 180 പോയിന്റുമായി പാലക്കാടാണ് മുന്നിൽ. എറണാകുളം (121), കോഴിക്കോട് (114), കോട്ടയം (99) പിന്നിലുണ്ട്. ഇന്ന് 48 ഫൈനൽ.