ആലപ്പുഴ > ആലപ്പുഴയില് സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില് നടത്തിയ സര്വ്വകക്ഷി യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- മന്ത്രി സജി ചെറിയാനും കൃഷിമന്ത്രി പി പ്രസാദും മുന്നോട്ടുവച്ച സമാധാന നിര്ദേശങ്ങള് യോഗത്തില് പങ്കെടുത്ത എല്ലാ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളും അംഗീകരിച്ചു. ബിജെപി, എസ്ഡിപിഐ പ്രതിനിധികള് സ്വന്തം ചെയ്തികളെ ന്യായീകരിക്കാനാണ് യോഗത്തില് ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ നിര്ദേശ പ്രകാരം സംഘടിപ്പിച്ച യോഗം ജില്ലയില് നടന്ന രണ്ടു കൊലപാതകങ്ങളെയും ശക്തമായി അപലപിച്ചു. കൊലപാതകത്തിലും ഗൂഢാലോചനയിലും പങ്കാളികളായവരെ എത്രയും വേഗം നിയമത്തിനു മുന്നില് കൊണ്ടുവരുമെന്ന് മന്ത്രിമാര് അറിയിച്ചു.
അന്വേഷണത്തില് വിട്ടുവീഴ്ച്ചയില്ല. മുഖ്യമന്ത്രിയുടെ നിര്ദ്ദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം നടത്തുന്നു. ഈ സംഭവങ്ങളുടെ തുടര്ച്ചയായി സംഘര്ഷങ്ങള് ഉണ്ടാകാതിരിക്കാനും സമാധാനവും ഐക്യവും ഉറപ്പാക്കാനും എല്ലാ രാഷ്ട്രീയ പാര്ട്ടികളും പ്രചാരണം നടത്തണം. പരാതികളുണ്ടെങ്കില് അത് പ്രകോപനത്തിന് ഇടയാക്കാതെ ജില്ലാ ഭരണകൂടത്തെയോ മന്ത്രിമാരെയോ എംഎല്എമാരെയോ അറിയിക്കണം. സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിന് പൊതുജനങ്ങളും സഹകരിക്കണം. അഭിപ്രായ വ്യത്യാസങ്ങള് മതപരമായ ചേരിതിരിവുകളിലേക്ക് നയിക്കാതിരിക്കാന് എല്ലാവരും ജാഗ്രത പുലര്ത്തണം- മന്ത്രിമാര് നിര്ദേശിച്ചു.
എംഎല്എമാരായ പി പി ചിത്തരഞ്ജന്, എച്ച് സലാം, രമേശ് ചെന്നിത്തല, തോമസ് കെ തോമസ്, എം എസ് അരുണ്കുമാര്, കലക്ടര് എ അലക്സാണ്ടര്, ജില്ലാ പോലീസ് മേധാവി ജി ജയദേവ്, എ ഡി എം ജെമോബി, സബ് കളക്ടര് സൂരജ് ഷാജി, സിപിഐ എം ജില്ലാ സെക്രട്ടറി ആര് നാസര്, മറ്റ് രാഷ്ട്രീയ പാര്ടി പ്രതിനിധികള് എന്നിവരും യോഗത്തില് പങ്കെടുത്തു.
അന്വേഷണം ശരിയായ ദിശയില്: മന്ത്രി സജി ചെറിയാന്
ആലപ്പുഴ > സംഘര്ഷമോ പ്രകോപനമോ ഇല്ലാതെയാണ് കൊലപാതകങ്ങള് നടന്നതെന്ന് മന്ത്രി സജി ചെറിയാന് മാധ്യമ പ്രവര്ത്തകരോട് പറഞ്ഞു. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷം ശാന്തമായി തുടരുന്നതനിടയിലാണ് ഈ കൊലപാതകങ്ങള് നടന്നത്. പൊലീസിന്റെ വീഴ്ച എന്ന പ്രചാരണം മാധ്യമങ്ങളുടേതാണ്. ഇത് വസ്തുതാ വിരുദ്ധമാണ്. അന്വേഷണം ശരിയായ ദിശയിലാണ്. മുഴുവന് കുറ്റവാളികളെയും നിയമത്തിന്റെ മുന്നില് കൊണ്ടു വരും. ഗെൂഡാലോചനയെപ്പറ്റിയും അന്വേഷിക്കുമെന്നും സജി ചെറിയാന് പറഞ്ഞു.