തിരുവനന്തപുരം > പ്രാണ‐ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവലിന് ജനുവരി 12ന് സ്കൂളുകളിൽ തുടക്കമാകും. കോവിഡ് മാനദണ്ഡമനുസരിച്ചാണ് എല്ലാതലങ്ങളിലും മത്സരം. എൽപി, യുപി, സെക്കൻഡറി, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസിൽ പങ്കെടുക്കാം. സ്കൂളുകളിൽ ജനുവരി 12നും ഉപജില്ലാതലത്തിൽ 23നും ജില്ലകളിൽ ഫെബ്രുവരി ആറിനും സംസ്ഥാന ഫൈനൽ 19നുമാണ്. ഉപജില്ലാതലത്തിൽ ഓൺലൈനായി നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കുട്ടികളുടെയും അധ്യാപകരുടെയും നിർദേശം പരിഗണിച്ചാണ് നേരിട്ട് നടത്താൻ തീരുമാനിച്ചത്.
വിദ്യാർഥി പങ്കാളിത്തംകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരങ്ങളിലൊന്നായി യൂണിവേഴ്സൽ റെക്കോഡ് ഫോറത്തിന്റെ (യുആർഎഫ്) അംഗീകാരംനേടിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ, കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ വർഷം നടത്താനായിരുന്നില്ല. മഹാമാരി കുട്ടികളിലുണ്ടാക്കിയ മടുപ്പ് അകറ്റി, അവരിൽ പ്രസരിപ്പുണ്ടാക്കുകയാണ് ഇത്തവണത്തെ മത്സരലക്ഷ്യം.
രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. വിജയികൾക്ക് ദേശാഭിമാനി അക്ഷരമുറ്റം നൽകുന്ന ഒരുകോടി രൂപയുടെ ക്യാഷ് അവാർഡിന് പുറമെ മികച്ച പ്രകടനം നടത്തുന്ന 2000 വിദ്യാർഥികൾക്ക് ഒരു കോടിരൂപയുടെ പ്രാണ ലേണിങ് ആപ്പുകൾ സമ്മാനമായി നൽകും. ക്വിസിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾക്ക് ജനുവരി 10വരെ https://www.deshabhimani.com/aksharamuttamquiz/ സൈറ്റിൽ രജിസ്റ്റർ ചെയ്യാം.