കൊല്ലം: കേരള കോൺഗ്രസ് ബി പിളർന്നു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന വാദവുമായി വിമതർ കൊച്ചിയിൽ യോഗം ചേർന്നു. ഗണേഷ്കുമാർ ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് വിമതരുടെ ആരോപണം. 114 സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ 88 പേർ തങ്ങൾക്കൊപ്പമാണെന്ന് അവകാശപ്പെടുന്ന വിമതർ പുതിയ ചെർപേഴ്സണായി ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷ മോഹൻദാസിനെ തിരഞ്ഞെടുത്തു. ഗണേഷ് സ്വയം പ്രഖ്യാപിത അധ്യക്ഷനാണെന്ന് ഉഷ മോഹൻദാസ് കുറ്റപ്പെടുത്തി.
അച്ഛൻ ബാലകൃഷ്ണപിള്ളയുടെ മരണത്തിന് ശേഷം പാർട്ടി അന്യാധീനപ്പെട്ട അവസ്ഥയിലാണെന്നും കൊട്ടാരക്കര പോലും നാഥനില്ലാ കളരിയായി മാറിയെന്നും ഉഷ മോഹൻദാസ് പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ നിർബന്ധമാണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചതെന്നും അവർ കൊച്ചിയിലെ യോഗത്തിന് ശേഷം പറഞ്ഞു. തങ്ങൾ വിമത പക്ഷമല്ലെന്നും ഔദ്യോഗിക പക്ഷമാണെന്നും യോഗം ചേർന്ന് പുതിയ ചെയർപേഴ്സണെ തിരഞ്ഞെടുത്തശേഷം ഇവർ അവകാശപ്പെട്ടു.
കഴിഞ്ഞ കുറച്ചുകാലമായി ഗണേഷ്കുമാർ സ്വീകരിച്ചുവരുന്ന ചില നിലപാടുകളാണ് പാർട്ടിയെ പിളർപ്പിലേക്ക് നയിച്ചതെന്നും ആരോപണമുണ്ട്. 88 അംഗങ്ങൾ, എട്ട് ജില്ലാ പ്രസിഡന്റുമാർ എന്നിവർ തങ്ങൾക്കൊപ്പമാണെന്നും ഇവർ അവകാശപ്പെടുന്നു. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ ഗണേഷ് കുമാർ സ്വന്തം നിലയ്ക്ക് തീരുമാനിച്ചുവെന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം. പുതിയ അധ്യക്ഷയെ തിരഞ്ഞെടുത്ത കാര്യം എൽഡിഎഫ് നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി.
ഇടത് മുന്നണിയുടെ അടുത്ത യോഗത്തിൽ ആര് പങ്കെടുക്കണമെന്ന് തങ്ങൾ തീരുമാനിക്കുമെന്നും പുതിയ കമ്മിറ്റി പറയുന്നു. എതിർ ചേരിയിൽ നിൽക്കാതെ സഹകരിക്കുമെങ്കിൽ ഗണേഷിന് തങ്ങൾക്കൊപ്പം നിൽക്കാമെന്നും യോഗത്തിന് ശേഷം ഉഷ മോഹൻദാസ് വിഭാഗം അറിയിച്ചു. പാർട്ടി ഭരണഘടന അനുസരിച്ചല്ല ഗണേഷ് പ്രവർത്തിക്കുന്നതെന്നും ഇവർക്ക് ആക്ഷേപമുണ്ട്. ബാലകൃഷ്ണപിള്ളയുടെ മരണത്തിന് ശേഷം പുതിയ ചെയർമാന്റെ താത്കാലിക ചുമതല മാത്രമാണ് ഗണേഷിന് നൽകിയിരുന്നതെന്നും പുതിയ നേതൃത്വം വ്യക്തമാക്കി.
Content Highlights: kerala congress b now splits into two