ആലപ്പുഴ: ജില്ലയിൽ പരിപൂർണമായ സമാധാനവും ശാന്തിയും നിലനിർത്താൻ സർവകക്ഷി യോഗം ആഹ്വാനംചെയ്തു. തുടർച്ചയായി നടന്ന രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളെയും സംഘർഷങ്ങളെയും തുടർന്നാണ് സർവകക്ഷി യോഗം ചേർന്നത്. മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ് എന്നിവർ സർവകക്ഷി യോഗത്തിന് നേതൃത്വം നൽകി.
ഇപ്പോൾ നടന്ന കൊലപാതകങ്ങളുടെ തുടർച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിലുണ്ടാകരുതെന്ന് സർവകക്ഷി യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സജി ചെറിയാൻ വ്യക്തമാക്കി. കൊലപാതകങ്ങളിൽ പങ്കാളികളായവരെയും ഗൂഡാലോചനയിൽ പങ്കാളികളായവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. രണ്ട് കൊലപാതകങ്ങളെയും യോഗം ഏകകണ്ഠമായി അപലപിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ തലങ്ങളിൽ സമാധാനത്തിനായുള്ള പ്രചാരണങ്ങൾ നടത്തും.
ഇനിയും പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാൻ രാഷ്ട്രീയ പാർട്ടികൾ യോജിച്ച് പ്രവർത്തിക്കും. പരാതികൾ പരസ്പരം പറഞ്ഞ് പ്രകോപനം സൃഷ്ടിക്കാതെ മന്ത്രിമാരുടെയോ ജനപ്രതിനിധികളുടെയോ ശ്രദ്ധയിൽ എത്തിക്കണം. സമാധാനം നിലനിർത്താൻ ജില്ലയിലെ മുഴുവൻ ജനങ്ങളും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രംഗത്തിറങ്ങണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
Content Highlights: All-party peace meet Alappuzha