തിരുവനന്തപുരം > ആരോഗ്യരംഗത്ത് കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് തൊഴിൽമന്ത്രി വി ശിവൻകുട്ടി. കേന്ദ്രം കൊണ്ടുവരുന്ന തൊഴിൽ കോഡുകളിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ സംബന്ധിച്ച് പരിശോധിക്കും. തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കില്ല എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് കെജിഎൻഎയുടെ 64ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകമാകെ . ഇതിലെ മുന്നണി പോരാളികളാണ് നേഴ്സുമാർ. കോവിഡിനെ നേരിടുന്നതിൽ കേരളം ഇന്ത്യക്കും ലോകത്തിനും മാതൃകയാണ്. വാക്സിനേഷൻ കാര്യത്തിൽ രാജ്യത്തെ ശരാശരിയെക്കാൾ കേരളം ഏറെ മുന്നിലാണ്. നിപായും ഓഖിയും പ്രളയവുമെല്ലാം ഉണ്ടായപ്പോഴും കേരളത്തിന്റെ ആരോഗ്യരംഗം അതിന്റെ കരുത്ത് തെളിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഏറ്റവും മുന്തിയ പരിഗണനയാണ് ആരോഗ്യമേഖലക്കു നൽകുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞു. ജനങ്ങൾക്ക് കൂടുതൽ ആശ്രയിക്കാൻ പറ്റുന്ന കേന്ദ്രങ്ങളായി സർക്കാർ ആശുപത്രികൾ മാറി. സമഗ്രമായ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് വികസന പ്രവർത്തികൾ നടന്നുവരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് മാത്രമായി 717 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ അംഗീകരിച്ച് പ്രവർത്തികൾ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
230 നേഴ്സുമാർക്ക് ഹെഡ് നേഴ്സുമാരായി നിയമനം കഴിഞ്ഞ മാർച്ചിൽ തന്നെ നൽകി കഴിഞ്ഞു. സാമ്പത്തിക ആനുകൂല്യങ്ങൾ അർഹരായവർക്ക് ലഭിക്കുന്നുമുണ്ട്. കോവിഡ് മഹാമാരിയേൽപിച്ച കനത്ത പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ശമ്പള പരിഷ്കരണം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ സമയബന്ധിതമായി നടപ്പിലാക്കി. നേഴ്സുമാർക്ക് മെച്ചപ്പെട്ട പരിഗണനയാണ് ലഭിച്ചിട്ടുള്ളത്.
22 വർഷത്തെ ഹയർ ഗ്രേഡ് അനുവദിച്ചതും യൂണിഫോം അലവൻസിലെ വർദ്ധനയുമെല്ലാം കെ ജി എൻ എ മുന്നോട്ട് വച്ച നിർദേശങ്ങളാണ്. ആരോഗ്യവകുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തസ്തിക സൃഷ്ടിക്കപ്പെട്ട കാലഘട്ടമാണ് കഴിഞ്ഞു പോയത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യ വകുപ്പിലുമായി 2,329 സ്റ്റാഫ് നേഴ്സ് തസ്തികകളും 31 ഹെഡ് നേഴ്സ് തസ്തികകളും സൃഷ്ടിച്ചു. കൂടാതെ നേഴ്സിങ് സൂപ്രണ്ടുമാരുടെ 9 തസ്തികയും ഒരു ചീഫ് നേഴ്സിങ് ഓഫീസർ തസ്തികയും 19 നേഴ്സിങ് അധ്യാപക തസ്തികകളും പുതുതായി സൃഷ്ടിച്ചു. മൂന്നര ലക്ഷത്തിലധികം നേഴ്സുമാർ രജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് കേരള നേഴ്സിങ് കൗൺസിൽ. നേഴ്സിങ് കൗൺസിലിന് സ്വന്തമായി ആസ്ഥാന മന്ദിരം ഉണ്ടാവണമെന്നുള്ളത് ദീർഘനാളായുള്ള ആവശ്യമാണ്. ഈ ആവശ്യത്തിലേക്കായി 18.5 സെൻറ് സ്ഥലം തിരുവനന്തപുരത്ത് പബ്ലിക് ഹെൽത്ത് ലാബിന് സമീപം സർക്കാർ അനുവദിച്ചിട്ടുണ്ട്. വിവിധ കാറ്റഗറികളായി ആറായിരത്തോളം തസ്തികകൾ പുതുതായി സൃഷ്ടിച്ചിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.