ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ട കൊലപാതകത്തിലെ അന്വേഷണത്തിൽ നല്ല പുരോഗതിയുണ്ടെന്ന് എഡിജിപി വിജയ് സാഖറെ. കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും എന്നാൽ ഇവരൊക്കെ പ്രതികളാണോ എന്ന കാര്യം ഈ ഘട്ടത്തിൽ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിൽ എടുത്തവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ചൊവ്വാഴ്ചവൈകുന്നേരത്തോടു കൂടി കേസിൽ വ്യക്തത വരും. നിലവിൽ ഷാനിന്റെ കൊലപാതകത്തിൽ രണ്ട് അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊലപാതകത്തിന് ഉപയോഗിച്ച ചില വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിലുള്ള പരിശോധന നടക്കുന്നുണ്ട്. കേസിൽ നല്ല പുരോഗതിയാണുള്ളത്. കുടുതൽ വ്യക്തത വന്നതിനുശേഷം ബാക്കി കാര്യങ്ങൾ പറയാമെന്നും വിജയ് സാഖറെ പറഞ്ഞു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ നിയമവിരുദ്ധ പോസ്റ്റുകൾ ചെയ്യുന്നവർക്കെതിരേ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അനേകം പേരെ പോലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ, ഇതുവരെ ഒരു അറസ്റ്റും രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോൾ കസ്റ്റഡിയിലുള്ളവർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണോ എന്നതും വ്യക്തമല്ല. ഇന്ന് വൈകുന്നേരത്തിനുള്ള ഇതിൽ വ്യക്തത വരും എന്നാണ് എഡിജിപി അറിയിച്ചത്.
Content Highlights: ADGP Vijay SakhareonAlappuzha Twin Murder Investigation