തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമിയുടെ പരിപാടിയിൽ മോഹിനിയാട്ടം നർത്തകൻ ആർ.എൽ.വി. രാമകൃഷ്ണന് അനുമതി നിഷേധിച്ച സംഭവത്തിൽ വീഴ്ചപറ്റിയെന്ന് സർക്കാർ.
മനുഷ്യാവകാശ കമ്മിഷനു മുന്നിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. രാമകൃഷ്ണനുമായുള്ള ആശയവിനിമയത്തിലാണ് വീഴ്ച വന്നതെന്നാണ് സമ്മതിച്ചത്.
2020 സെപ്റ്റംബറിൽ സംഘടിപ്പിച്ച ഓൺലൈൻ പരിപാടിയിലാണ് ആർ.എൽ.വി. രാമകൃഷ്ണന് മോഹിനിയാട്ടത്തിന് അവസരം നൽകാതിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ആർ.എൽ.വി. രാമകൃഷ്ണൻ ആത്മഹത്യശ്രമം നടത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്റ്റർചെയ്ത കേസിലാണ് സർക്കാരിന്റെ മറുപടി. എന്നാൽ, ജാതീയമോ ലിംഗപരമോ ആയ വിവേചനം രാമകൃഷ്ണനോട് കാണിച്ചിട്ടില്ലെന്നും ഇനി ഇത്തരം പരാതികളുണ്ടാകാതിരിക്കാനുള്ള നിർദേശം അക്കാദമിക്ക് നൽകിയിട്ടുണ്ടെന്നും സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. സെക്രട്ടറിയുടെ മറുപടി കണക്കിലെടുത്ത കമ്മിഷൻ കേസ് തീർപ്പാക്കി.
കലാ സാംസ്കാരിക പരിപാടികളുടെ സംഘാടനം സംബന്ധിച്ച് കൂടുതൽ സുതാര്യത പുലർത്തണം. കലാകാരൻമാർക്ക് അവർ അർഹിക്കുന്ന ആദരവും പരിഗണനയും നൽകുന്നുവെന്ന് ഉറപ്പാക്കണം. കോവിഡ് കാലത്ത് കൂടുതൽ കലാകാരൻമാർക്ക് അവതരണാവസരം ലഭിക്കത്തക്കവിധം കലാ സാംസ്കാരിക പരിപാടികൾ ഓൺലൈനായി സംഘടിപ്പിക്കണം തുടങ്ങിയ നിർദേശങ്ങളാണ് അക്കാദമിക്ക് നൽകിയത്.
മനുഷ്യാവകാശപ്രവർത്തകരായ ഗിന്നസ് മാടസാമിയും റഹിം പന്തളവും സമർപ്പിച്ച പരാതികളിലാണ് നടപടി.