ആറ്റിങ്ങൽ: പോത്തൻകോട്ട് കല്ലൂരിൽ സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഒട്ടകം രാജേഷ് മുങ്ങിയത് തമിഴ്നാട്ടിലേക്ക്. ഒപ്പം സുധീഷ് ഉണ്ണിയും ശ്യാംകുമാറുമുണ്ടായിരുന്നു. മൂവരുംചേർന്ന് തമിഴ്നാട്ടിൽ ചുറ്റിക്കറങ്ങിയശേഷം കേരളത്തിലെത്തി കോടതിയിൽ കീഴടങ്ങാനായിരുന്നു പദ്ധതി.
ഇതിനായി മൂന്നുപേരും 15-ന് പിരപ്പൻകോട്ടെത്തി. തുടർന്ന് ഒട്ടകം രാജേഷ് പണം സംഘടിപ്പിക്കാനായി ഒരാളെ കാണാൻപോയി.
പ്രതികൾ പിരപ്പൻകോടിനു സമീപം രഹസ്യകേന്ദ്രത്തിലുള്ളതായി സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് സംഘം അന്ന് വൈകീട്ട് തന്നെ ഒളിയിടം വളഞ്ഞ് സുധീഷ് ഉണ്ണിയെയും ശ്യാംകുമാറിനെയും പിടികൂടി. കൂട്ടാളികൾ പോലീസ് പിടിയിലായതറിഞ്ഞ് ഒട്ടകം രാജേഷ് വീണ്ടും തമിഴ്നാട്ടിലേക്കു കടന്നു. തുടർന്ന് കർണാടകത്തിലേക്കു പോയി. അവിടെനിന്ന് ശനിയാഴ്ച പളനിയിലെത്തി. കേരളത്തിലേക്കു കടന്ന് ആറ്റിങ്ങൽ, വഞ്ചിയൂർ, നെടുമങ്ങാട് കോടതികളിലെവിടെയെങ്കിലും കീഴടങ്ങാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിന് കഴിഞ്ഞില്ലെങ്കിൽ ചെലവിനുള്ള പണം സംഘടിപ്പിച്ച് വീണ്ടും സംസ്ഥാനം വിടാൻ പദ്ധതിയിട്ടാണ് ഞായറാഴ്ച ഇയാൾ ബസിൽ കേരളത്തിലേക്കു കടന്നത്. പണത്തിനായി ഇയാൾ പലരെയും ബന്ധപ്പെട്ടിരുന്നതായി മനസ്സിലാക്കിയ പോലീസ് ഇയാളുടെ റൂട്ട് മനസ്സിലാക്കി കൊല്ലത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോലീസ് നടത്തിയത് സമാനതകളില്ലാത്ത അധ്വാനം
സുധീഷ് വധക്കേസിന്റെ സൂത്രധാരനായ ഒട്ടകം രാജേഷിനെ പിടികൂടാൻ പോലീസ് നടത്തിയത് സമാനതകളില്ലാത്ത അധ്വാനം. അന്വേഷണത്തിനിടെ ഒരു സഹപ്രവർത്തകന്റെ ജീവൻപൊലിഞ്ഞതിന്റെ വേദനയിൽ ഒന്നു തളർന്നുപോയെങ്കിലും വേഗം ഊർജം വീണ്ടെടുത്ത് നടത്തിയ മുന്നേറ്റമാണ് കൊടുംകുറ്റവാളിയെ തളയ്ക്കാൻ വഴിയൊരുക്കിയത്.
ആക്രമണത്തിനുശേഷം ഒട്ടകം രാജേഷ് മൊബൈൽഫോൺ ഓൺചെയ്തിട്ടില്ല. ഇത് മനസ്സിലാക്കിയ പോലീസ് ഇയാളുമായി ബന്ധമുള്ളവരുടെ മുഴുവൻ ഫോണുകളും നിരീക്ഷണത്തിലാക്കി. കിട്ടിയ വിവരങ്ങളെല്ലാംവെച്ച് അന്വേഷണം നടത്തി. ഇയാളുമായി അടുത്ത ബന്ധമുള്ള ഒരുസംഘത്തെ ശനിയാഴ്ച പണയിൽക്കടവ് ഭാഗത്തു കണ്ടെത്തിയതിനെത്തുടർന്നാണ് ഇയാളും ഒപ്പമുണ്ടാകുമെന്ന് കരുതി നാട്ടുകാരിൽ ചിലർ പോലീസിനു വിവരം നൽകിയത്. പൊന്നുംതുരുത്തിൽനിന്ന് രക്ഷപ്പെടാൻ സാധ്യതയുള്ള എല്ലാവഴികളിലും പോലീസെത്തിയശേഷമാണ് പോലീസ് സംഘം തുരുത്തിലേക്ക് പുറപ്പെട്ടത്. അപകടമുണ്ടായതിനെത്തുടർന്ന് അന്ന് പോലീസ് തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച വീണ്ടും ശക്തമായ തിരച്ചിലിനായി തയ്യാറെടുത്തു. ഓഫീസർമാരുൾപ്പെടെ അമ്പതോളം പേർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ഒട്ടകം രാജേഷുമായി ബന്ധമുള്ള മുഴുവൻപേരെയും ചോദ്യംചെയ്തു. ചിലരിൽനിന്ന് ചില വിവരങ്ങൾ കിട്ടി. ഇയാൾ സ്ഥിരമായി പണം പറ്റിയിരുന്നവരെയെല്ലാം നിരീക്ഷണത്തിലാക്കി. ഇതിനിടെ ഒരാളിന്റെ ഫോണിലേക്കു വന്ന പളനിയിൽനിന്നുള്ള കോൾ പോലീസിനു പിടിവള്ളിയായി. പണമാവശ്യപ്പെട്ട് വന്ന ഈ കോളിനെ പിന്തുടർന്ന് ഒരുസംഘം പളനിയിലെത്തി.
ഫോൺ വിളിച്ച ലൊക്കേഷൻ കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതി അവിടെയുണ്ടെന്ന് ഉറപ്പാക്കി. ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷ കണ്ടെത്തി. തുടർന്ന് രാജേഷിനെ പിന്തുടർന്ന പോലീസ് സംഘം കോയമ്പത്തൂരിലെത്തി. കോയമ്പത്തൂർ ബസ് സ്റ്റാൻഡിൽനിന്ന് പ്രതി കെ.എസ്.ആർ.ടി.സി. ബസിൽ കയറുന്നതിന്റെ ദൃശ്യം കിട്ടി. വിവരം ഉടനേ കേരളത്തിലേക്ക് കൈമാറി. ബസ് കൊല്ലത്തെത്തിയപ്പോൾ പോലീസ് സംഘം രാജേഷിനെ പിടികൂടുകയായിരുന്നു.
കോടതിയിൽ ഹാജരാകാനുള്ള ഒട്ടകം രാജേഷിന്റെ പദ്ധതി പാളി
പോലീസിനു പിടികൊടുക്കാതെ കോടതിയിൽ ഹാജരായി ‘തടി’ രക്ഷിക്കുന്ന ഒട്ടകം രാജേഷിന്റെ പതിവുശൈലി ഇത്തവണ പാളി. ഇയാൾ കീഴടങ്ങാൻ സാധ്യതയുള്ള കോടതികളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. പോലീസ് തേടുന്നുവെന്ന് അറിഞ്ഞാൽ കോടതിയിൽ ഹാജരാകുന്ന രീതി ഏറെക്കാലമായി ഒട്ടകം രാജേഷ് പിന്തുടർന്നിരുന്നു. ഇതിന് അവസരംതേടിയാണ് ഒളിവിൽ കഴിഞ്ഞത്. എന്നാൽ രാജേഷ് ഹാജരാകാൻ സാധ്യതയുള്ള കോടതികളുടെ പരിസരത്ത് മഫ്തിയിൽ പോലീസിനെ നിയോഗിച്ചിരുന്നു. നാലുദിവസമായി 40 പോലീസുകാരെയാണ് ഇയാൾ ഹാജരാകാൻ സാധ്യതയുള്ള ആറു കോടതികളിൽ നിയോഗിച്ചിരുന്നത്.
പ്രതിയെ തിരഞ്ഞുപോയ സംഘത്തിലെ പോലീസുകാരന്റെ മരണം അന്വേഷണസംഘത്തിന് തിരിച്ചടിയായിരുന്നു. മോർച്ചറിക്കു മുന്നിലാണ് അവസാനമായി സംഘാംഗങ്ങൾ ഒരുമിച്ചത്. എത്രയുംവേഗം ഒട്ടകം രാജേഷിനെ പിടികൂടുക എന്നത് പോലീസിന്റെയും അഭിമാനപ്രശ്നമായി മാറി. ഇതിനുശേഷം ഊർജിതമായി നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.
പോത്തൻകോട് കൊലപാതകത്തിനുശേഷം ഗുണ്ടാസംഘങ്ങൾക്കെതിരേ നടപടി ശക്തമാക്കിയെങ്കിലും കൊലക്കത്തിയുമായി പട്ടാപ്പകൽപോലും പോർവിളിക്കുന്ന വിധത്തിലേക്ക് ഇവരെ എത്തിച്ചതിന് പിന്നിൽ പോലീസിന്റെ ഒത്താശയും നിസ്സംഗതയും ഒരേപോലെ പ്രകടമാണ്. റൂറൽപോലീസിന്റെ തലപ്പത്തെ വീഴ്ചയാണ് ഗുണ്ടാസംഘങ്ങൾക്ക് വഴിതെളിച്ചത്. ക്രിമിനൽ സംഘങ്ങൾ സംഘടിക്കുന്നത് തടയുന്നതിലും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും പോലീസിന് വീഴ്ചപറ്റി. സ്റ്റേഷൻചുമതലയുള്ള ഉദ്യോഗസ്ഥർ ദൈനംദിന തിരക്കുകളിലേക്ക് കൂടുതൽ ശ്രദ്ധതിരിച്ചതും ഗുണ്ടകൾക്ക് സഹായകരമായി. ഒട്ടകം രാജേഷ് ഉൾപ്പടെയുള്ള ക്രിമിനലുകൾക്ക് പോലീസിനുള്ളിൽനിന്നു സഹായവും ലഭിച്ചു. പോത്തൻകോട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ക്രിമിനൽ സംഘങ്ങൾക്കെതിരേ പോലീസ് നടപടി ശക്തമാക്കിയിട്ടുണ്ട്. ഇത് തുടർന്നാൽ മാത്രമേ റൂറൽ പോലീസ് മേഖലയിലെ അക്രമങ്ങൾക്ക് അറുതിയുണ്ടാകുകയുള്ളൂ.
അന്വേഷണസംഘത്തിന്റെ ആത്മാർഥതയും കഠിനാധ്വാനവും വിജയിച്ചു- ഗുരുദിൻ
പോത്തൻകോട് കൊലപാതകക്കേസിലെ പ്രതികളെയെല്ലാം പിടികൂടാനായത് അന്വേഷണസംഘത്തിന്റെ ആത്മാർഥതയും കഠിനാധ്വാനവും കൊണ്ടാണെന്ന് ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാർ ഗുരുദിൻ പറഞ്ഞു. സുസംഘടിതമായ രീതിയിലാണ് അന്വേഷണസംഘം ആദ്യം മുതൽ പ്രവർത്തിച്ചത്. ഇതിനിടെ കൂട്ടത്തിലൊരാളുടെ ജീവൻ നഷ്ടമായത് അങ്ങേയറ്റം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അത് അന്വേഷണസംഘത്തിന്റെ മനോവീര്യം കെടുത്തിക്കളഞ്ഞു.
പക്ഷേ, വളരെവേഗം പോലീസ് സംഘം കർത്തവ്യനിരതരായതിനാലാണ് ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റുചെയ്യാനായത്.
Content Highlights:how kerala police trapped ottakam rajesh after pothencode murder