തിരുവനന്തപുരം: ആവർത്തിക്കുന്ന കൊലപാതകങ്ങളും പോലീസിന്റെ വീഴ്ചകളും സർക്കാരിന് തലവേദന സൃഷ്ടിക്കുന്നു. സി.പി.എം. സമ്മേളനങ്ങളിൽ സർക്കാരിനെതിരേ ഉയരുന്ന പ്രധാന വിമർശനം പോലീസിന്റെ ചെയ്തികളാലാണ്. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് വർഗീയസ്വഭാവം കൈവന്നിട്ടും പോലീസ് ക്രിക്കറ്റ് കളിയുമായി ആലസ്യത്തിലാണെന്നതാണ് സർക്കാരിനെ ബുദ്ധിമുട്ടിലാക്കുന്നത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നാലു കൊലപാതകങ്ങളാണ് രാഷ്ട്രീയ പശ്ചാത്തലത്തോടെ നടന്നത്. ഇതിലെല്ലാം പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നെണ്ണത്തിലും വർഗീയതയുടെ സ്വഭാവമുണ്ടായിരുന്നു. അതിന്റെ അപകടബോധ്യം പോലീസ് ഉൾക്കൊണ്ടില്ല. പകരത്തിനുപകരം എന്നനിലയിൽ 12 മണിക്കൂറിനുള്ളിൽ ആലപ്പുഴ ജില്ലയിൽ രണ്ടു കൊലപാതകങ്ങൾ നടന്നതാണ് ഒടുവിലത്തേത്.
ആക്രമണവും കൊലപാതകവും നടക്കുമ്പോൾ തിരിച്ചടിസാധ്യത കണക്കാക്കുകയെന്നത് പോലീസിന്റെ പ്രാഥമിക നടപടിയാണ്. എന്നിട്ടും പോലീസ്സ്റ്റേഷനു സമീപംതന്നെ കൊലപാതകങ്ങൾ നടന്നത് പോലീസിന്റെ വീഴ്ചയുടെ ആഘാതം വലുതാക്കി. വിമർശനങ്ങളുണ്ടായ ഘട്ടത്തിലെല്ലാം പോലീസിനെ പൂർണമായി പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചത്.
അലനും താഹയ്ക്കുമെതിരേ യു.എ.പി.എ. ചുമത്തിയത്, മാവോവാദികളെ വെടിവെച്ചുകൊന്നത്, പുരാവസ്തു തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ജോൺസൺ മാവുങ്കലുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുള്ള ബന്ധം എന്നിവയെല്ലാം വിമർശിക്കപ്പെട്ടപ്പോഴും മുഖ്യമന്ത്രി ന്യായീകരിച്ചു. പക്ഷേ, പാർട്ടി അംഗങ്ങൾപോലും പോലീസിന്റെ ശത്രുപക്ഷത്തായതോടെ പാർട്ടിക്കുള്ളിലും പോലീസ് നടപടികൾക്കെതിരേയുള്ള വികാരം ശക്തമായിത്തുടങ്ങി.
പത്തനംതിട്ടയിൽ സി.പി.എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപ് കൊല്ലപ്പെട്ടപ്പോൾ പോലീസ് സ്വീകരിച്ച നിലപാട് പാർട്ടിയിൽ കടുത്ത വിമർശനത്തിന് ഇടയാക്കിയതാണ്. ഇത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് സ്ഥാപിക്കാനുള്ള പോലീസിന്റെ ശ്രമം സി.പി.എമ്മിനെ ചൊടിപ്പിച്ചു. മാത്രവുമല്ല, ആർ.എസ്.എസ്. അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന പരാതിയും ഉയർന്നു. പരസ്യമായല്ലെങ്കിലും പാർട്ടി സമ്മേളനങ്ങളിൽ അംഗങ്ങൾ ഇക്കാര്യം പ്രകടിപ്പിക്കുന്നുണ്ട്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ഉടൻ ഡി.വൈ.എഫ്.ഐ. പ്രവർത്തകർക്കുനേരെ കാപ്പ ചുമത്താൻ പോലീസ് ശ്രമിച്ചപ്പോൾ സി.പി.എം. പരസ്യമായി എതിർത്തു. കണ്ണൂരിൽ പോലീസ്സ്റ്റേഷൻ വരാന്തയിൽ സമരം നടത്തുകയും സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജൻ പോലീസ് നടപടിയെ വിമർശിക്കുകയും ചെയ്തു.
പിണറായി സർക്കാരിനു കീഴിലെ പോലീസിനെതിരേ പാർട്ടി നേതാക്കൾ നടത്തിയ ആദ്യത്തെ സമരമായിരുന്നു ഇത്. നേതൃത്വംനൽകിയ പി. ജയരാജന് പാർട്ടി വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. ഭരണത്തുടർച്ച ഉണ്ടായെങ്കിലും സർക്കാരിനെ പഴികേൾപ്പിക്കുന്ന പോലീസാണ് സംസ്ഥാനത്തുള്ളത് എന്ന വിമർശനം സി.പി.എമ്മിനുള്ളിൽ ഇപ്പോൾ ശക്തമാണ്. കൊലപാതകങ്ങൾ ആവർത്തിക്കുമ്പോൾ പോലീസിന്റെ വീഴ്ച എൽ.ഡി.എഫ്. ഘടകകക്ഷികളും ചൂണ്ടിക്കാട്ടുന്നു.