തിരുവനന്തപുരം> നാടിനെ നടുക്കിയ പോത്തന്‍കോട് കൊലക്കേസില്‍ അറസ്റ്റിലായ ഒട്ടകം രാജേഷ് ഒളിവില്‍പോയത് തമിഴ്നാട്ടില്‍. നാഗര്‍കോവില്‍, പളനി തുടങ്ങിയ സ്ഥലങ്ങളിലെ ഗുണ്ടാസംഘവുമായി അടുത്ത ബന്ധമുള്ളതിനാലാണ് രാജേഷും കൂട്ടു പ്രതികളായ സുധീഷ് ഉണ്ണി, മുട്ടായി ശ്യം എന്നിവര്‍ അവിടെ താവളം അന്വേഷിച്ചുപോയത്. എന്നാല്‍, ഉണ്ണിയും ശ്യാമും കഴിഞ്ഞ ദിവസവും ഒട്ടകം രാജേഷ് തിങ്കളാഴ്ചയും പൊലീസ് പിടിയിലായി.
ഡിസംബര്‍ 11ന് നടന്ന കൊലപാതകത്തിനുശേഷം പ്രതികള്‍ പല വഴിക്ക് രക്ഷപ്പെടുകയായിരുന്നു. പ്രധാന പ്രതികളായ ഒട്ടകം രാജേഷ്, സുധീഷ് ഉണ്ണി, മുട്ടായി ശ്യം എന്നിവര്‍ നാഗര്‍കോവിലിലേക്കാണ് ആദ്യം പോയത്. എന്നാല്‍, സുധീഷിന്റെ കാല്‍പ്പാദം വെട്ടിയെടുത്ത് ബൈക്കില്‍പോകുന്ന സിസിടിവി ദൃശ്യം വൈറലായതോടെ അവിടെ ആരും അഭയം നല്‍കിയില്ല. അതോടെ മൂന്നുപേരും വെമ്പായം ചാത്തമ്പാട്ട് എത്തി. അവിടെനിന്ന് ഉണ്ണി, ശ്യാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടയില്‍ തന്ത്രപൂര്‍വം പൊലീസിന്റെയും കൂട്ടാളികളുടെയും കണ്ണുവെട്ടിച്ച് ഒട്ടകം രാജേഷ് ഓട്ടോയില്‍ വെഞ്ഞാറമൂട്ടില്‍ എത്തി അവിടെനിന്ന് ബസ് മാര്‍ഗം പളനിയിലേക്ക് പോയി. അവിടെ എത്തിയശേഷം പളനി സ്വദേശിയുടെ മൊബൈല്‍ വാങ്ങി നാട്ടിലെ ഒരു സുഹൃത്തിനെ വിളിച്ച് പണം സംഘടിപ്പിച്ച് നല്കാന് ആവശ്യപ്പെട്ടു. എന്നാല്‍, ഇയാള്‍ വിവരം പാെലീസിനെ അറിയിച്ചു.
രാജേഷ് പളനിയില്‍ ഉണ്ടെന്ന് അറിഞ്ഞ പൊലീസ് സംഘം പളനിയിലേക്ക് തിരിച്ചു. പൊലീസ് പിറകെയുണ്ടെന്ന് അറിഞ്ഞ രാജേഷ് പളനിയില്‍നിന്ന് എറണാകുളത്തെത്തി. തുടര്‍ന്ന് മറൈന്‍ഡ്രൈവില്‍നിന്നും എറണാകുളം ബാനര്‍ജി റോഡില്‍ വച്ചും വഴിപോക്കരുടെ ഫോണുകളില്‍നിന്ന് വീണ്ടും സുഹൃത്തിനെ വിളിച്ച് പണത്തിന്റെ കാര്യം ചോദിച്ചത് സുഹൃത്ത് പൊലീസിന് കൈമാറി. തുടര്‍ന്ന് രാജേഷിന്റെ സഞ്ചാരമാര്‍ഗം മനസ്സിലാക്കിയ പൊലീസ് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തി. എംസി റോഡുവഴി രക്ഷപ്പെടാതിരിക്കാന്‍ കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കിളിമാനൂര്‍ കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ എറണാകുളം കെഎസ്ആര്‍ടിസി അധികൃതരുമായി ബന്ധപ്പെട്ട അന്വഷക സംഘം ബസിലെ കണ്ടക്ടറെ ബന്ധപ്പെട്ടു. കണ്ടക്ടര്‍ വാട്സാപ് വഴി അയച്ചുകൊടുത്ത യാത്രക്കാരുടെ ഫോട്ടോ നോക്കി ഒട്ടകം രാജേഷ് എറണാകുളം– – കാട്ടാക്കട സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ഉള്ളതായി സ്ഥിരീകരിച്ചു. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പുലര്‍ച്ചെ 2.30ന് എത്തിയ ബസില്‍നിന്ന് പ്രതിയെ പിടികൂടി. തുടര്‍ന്ന് വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യംചെയ്തശേഷം രാവിലെ പത്തരയോടെ പോത്തന്‍കോട് സ്റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തി.
ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്, റൂറല്‍ എസ്പി പി കെ മധു, നെടുമങ്ങാട് എഎസ്പി രാജ് പ്രസാദ് എന്നിവരുടെ മേല്‍നോട്ടത്തില്‍ സിഐമാരായ ശ്യം, സജീഷ്, മുകേഷ്, മിഥുന്, എസ്ഐമാരായ വിനോദ് വിക്രമാദിത്യന്, എസ്സിപിഒമാരായ വിനോദ്, ഫിറോസ് ഖാന്, ബിജുകുമാര്‍, ഷാഡോ ടീം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കുമെന്ന് ഡിഐജി പറഞ്ഞു.