ആലപ്പുഴ: ‘ഞാനീ മക്കളെയുംകൊണ്ട് എന്തുചെയ്യും? ഒറ്റയ്ക്ക് എനിക്കൊരു ശക്തിയുമില്ല. എന്നെ എന്തിനാ വിധവയാക്കിയത്.’ ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ചു ഭാര്യ അഡ്വ. ലിഷ പൊട്ടിക്കരഞ്ഞു. അച്ഛാ.. അച്ഛാ… എന്നുറക്കെ വിളിച്ച് മക്കളായ ഹൃദ്യയും ഭാഗ്യയും വാവിട്ടുകരയുമ്പോൾ കണ്ടുനിന്നവരും സങ്കടക്കടലിലായി.
മൃതദേഹം വലിയഴീക്കലിലെ വീട്ടിലേക്കു സംസ്കാരത്തിനു കൊണ്ടുപോകുംവരെ രഞ്ജിത്ത് ശ്രീനിവാസനുമൊത്തുള്ള ഓരോ നല്ലനിമിഷവും ഓർത്തെടുത്തായിരുന്നു ലിഷയുടെ പൊട്ടിക്കരച്ചിൽ. ‘ഞാൻ കരയുമ്പോഴൊക്കെ ഏട്ടൻ പറയും. കരയരുത് നീ രഞ്ജിത്ത് ശ്രീനിവാസന്റെ ഭാര്യയാ. കരയാൻ ഇതുവരെ സമ്മതിച്ചിട്ടില്ല.’ ഇതെല്ലാം കേട്ടപ്പോൾ രഞ്ജിത്തിന്റെ അമ്മ വിനോദിനിക്കും സങ്കടം അടക്കാനായില്ല.
വിനോദിനിയുടെ കൺമുന്നിലിട്ടായിരുന്നു അക്രമികൾ രഞ്ജിത്തിനെ കൊന്നത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ വിനോദിനിക്കും മുറിവേറ്റിരുന്നെന്നു കൂട്ടനിലവിളിക്കിടെ ബന്ധുക്കളിലൊരാൾ പറയുന്നുണ്ടായിരുന്നു.
അന്തിമോപചാരമർപ്പിക്കാൻ കൂടുതൽ ആളുകൾ എത്തിയതോടെ ലിഷയുടെ സങ്കടം ഇരട്ടിച്ചു. ‘ഏട്ടൻ പറയും. ഞാൻ സ്വയംസേവകനായി ജീവിക്കും, സ്വയംസേവകനായി മരിക്കും എന്ന്. അറംപറ്റുന്ന വാക്കു പറയല്ലേ എന്ന് ഞാൻ പറഞ്ഞതാ. കേട്ടില്ല. ശത്രുക്കളാരുമില്ലായിരുന്നു. എല്ലാവരും മിത്രങ്ങളായിരുന്നു.’ – ലിഷയ്ക്കു സങ്കടം അടക്കാനായില്ല. മൃതദേഹം സംസ്കാരത്തിനു കൊണ്ടുപോകാനെടുക്കുമ്പോൾ ലിഷ പറഞ്ഞു. ‘എനിക്കൊന്നുമറിയില്ല. എന്തു ചെയ്യണമെന്നു പറഞ്ഞിട്ടു പോകൂ…’
ഏട്ടന് ഏറെ ഇഷ്ടമുള്ള വേഷമാണ് ഗണവേഷം. അതുധരിപ്പിച്ചേ യാത്രയാക്കാവൂ. രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം ചിതയിലേക്കെടുക്കുംമുൻപ് ഭാര്യ ലിഷ പറഞ്ഞു.
സംഘപ്രവർത്തകർ തൊപ്പിയും മറ്റും കൊണ്ടുവന്നു. ലിഷ തന്നെ രഞ്ജിത്തിനു തൊപ്പിവെച്ചുനൽകി.
മക്കളുടെ നൃത്ത അരങ്ങേറ്റം കാണാൻ ഇനി രഞ്ജിത്തില്ല
ആലപ്പുഴ: മക്കളായ ഭാഗ്യയും ഹൃദ്യയും നന്നായി നൃത്തം ചെയ്യും. രണ്ടുപേരുടെയും കഴിവുകൾ തിരിച്ചറിഞ്ഞ് നൃത്തം പഠിപ്പിക്കാൻ ചേർത്തതു രഞ്ജിത്തായിരുന്നു. തിരുമലക്ഷേത്രത്തിനുസമീപമുള്ള കൃഷ്ണകലാകേന്ദ്രത്തിലായിരുന്നു പഠനം.
മൂത്തമകൾ ഭാഗ്യയുടെ ഭരതനാട്യം അരങ്ങേറ്റം മാർച്ചിൽ നടത്താനിരിക്കുകയായിരുന്നു. അരങ്ങേറ്റം കാണാൻ അച്ഛനില്ലല്ലോ എന്ന സങ്കടത്തിലാണു ഭാഗ്യയും ഹൃദ്യയും.
Content Highlights:disheartening scenes from the house of murdered bjp leader from alappuzha