വിളപ്പിൽശാല: സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിനു സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ ഉടമ കടബാധ്യത മൂലം ആത്മഹത്യചെയ്തു. വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലത്ത് ശിവന്റെ ഭാര്യ എം.രാജി(47)യാണ് മരിച്ചത്. ഇവരുടെ സ്ഥാപനമായ കല്ലുമല ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിന്റെസിമന്റ് സൂക്ഷിച്ചിരുന്ന മുറിയിലാണ് തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. ഹോളോബ്രിക്സും പേവിങ് ബ്ലോക്കും നിർമിക്കുന്ന സ്ഥാപനമാണിത്.
ഏഴു വർഷം മുൻപ് കേരള ഫിനാൻസ് കോർപ്പറേഷന്റെ(കെ.എഫ്.സി.) വെള്ളയമ്പലം ശാഖയിൽ നിന്നും 58 ലക്ഷം രൂപ വായ്പയെടുത്താണ് സ്ഥാപനം ആരംഭിച്ചത്. കോവിഡും മഴക്കെടുതിയുമായി കഴിഞ്ഞ രണ്ടു വർഷമായി വായ്പയുടെ തിരിച്ചടവ് മുടങ്ങി. 73 സെന്റ് ഭൂമിയാണിവർക്കുള്ളത്.
ഇതിൽ 23 സെന്റ് ഭൂമി ഒരു വർഷം മുൻപ് എ.പി.ജെ.അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിനായി സർക്കാർ ഏറ്റെടുത്തിരുന്നു. നൂറേക്കർ ഭൂമിയാണിവിടെ സർവകലാശാലയ്ക്കായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. ഇതിൽ ഇവരുടെ ഭൂമിയുടെ രേഖകൾ കെ.എഫ്.സി.യിൽ നിന്നും റവന്യൂ വിഭാഗം ഏറ്റെടുത്തതായും സർവകലാശാല ഏറ്റെടുക്കുന്ന 23 സെന്റിൽ സെന്റിന് 4.75 ലക്ഷം രൂപ വില നിശ്ചയിച്ച് ഈ തുക വായ്പയിൽ കിഴിച്ച് ബാക്കി തിരിച്ചുനൽകുമെന്ന് അറിയിച്ചിരുന്നതായും രാജിയുടെ ഭർത്താവ് ശിവൻ പറയുന്നു.
ഇതിനിടയിൽ ഒറ്റത്തവണയായി 30 ലക്ഷം രൂപ തിരിച്ചടച്ചാൽ ബാധ്യത തീർക്കാമെന്ന കെ.എഫ്.സി.യുടെ വാഗ്ദാനത്തിൽ രാജി അവരുമായി ഒത്തുതീർപ്പിലെത്തിയിരുന്നു. ഏറ്റെടുത്ത ഭൂമിയുടെ പണം ഉടൻ കിട്ടുമെന്ന പ്രതീക്ഷയിൽ ഡിസംബർ 31-നു മുൻപ് പണമടയ്ക്കാമെന്നായിരുന്നു കരാർ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സർവകലാശാലയിപ്പോൾ 50 ഏക്കർ മാത്രമേ ഏറ്റെടുക്കാനാകൂവെന്ന് തീരുമാനിച്ചതും ഇവരുടെ സ്ഥലം അതിൽ ഉൾപ്പെടുന്നില്ലെന്ന വിവരവുമറിഞ്ഞതോടെ കുടുംബം പ്രതിസന്ധിയിലായി. പ്രമാണം ഉൾപ്പെടെയുള്ള രേഖകൾ കൈവശമില്ലാത്തതിനാൽ ഭൂമി വിൽക്കാനും ഇവർക്കായില്ല. ഇതോടെ പലരോടും പണം കടം ചോദിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ശിവൻ പറഞ്ഞു.
കഴിഞ്ഞ രാത്രിയും ഇവർ മാനസികമായി അസ്വസ്ഥയായി ഉറങ്ങാതെ കിടക്കുകയായിരുന്നുവെന്നും ശിവൻ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. മകൻ: ശ്രീശരൺ. പേയാട് കണ്ണശ്ശ മിഷൻ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
സ്വപ്നങ്ങൾ ബാക്കിയാക്കി വേർപാട്; രാജി നാടിനാകെ നൊമ്പരമായി
നെയ്തെടുത്ത സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു വിളപ്പിൽശാല നെടുങ്കുഴി ചെല്ലമംഗലം വീട്ടിൽ രാജിയുടെ കുടുംബം. ഭർത്താവ് ശിവനൊപ്പം ആരംഭിച്ചതാണ് കല്ലുമല ഇൻഡസ്ട്രീസ് എന്ന സ്ഥാപനം. സഹായികളുണ്ടെങ്കിലും ഇവർ ഇരുവരും സ്ഥാപനത്തിലെ തൊഴിലാളികളെപ്പോലെ കഠിനാധ്വാനം ചെയ്തു. ആഡംബരമില്ലാത്തതായിരുന്നു അവരുടെ ജീവിതം.
കമ്പനി ഓഫീസും വീടുമെല്ലാം ഒരിടത്ത്. ഹോളോബ്രിക്സ് കെട്ടി പൂശാത്ത മുറിയിലായിരുന്നു താമസം. മുൻപ് മേലാദായത്തിന് ഹോളോബ്രിക്സ് സ്ഥാപനം നടത്തിയുള്ള പരിചയമാണ് ശിവനുണ്ടായിരുന്നത്. പ്രീഡിഗ്രിവരെ പഠിച്ച രാജിക്ക് കാര്യബോധമുള്ളതിനാൽ സ്ഥാപനത്തിന്റെ എല്ലാ കാര്യങ്ങളും അവരാണ് നോക്കിനടത്തിയിരുന്നതെന്ന് ഭർത്താവ് ശിവൻ പറയുന്നു. വനിതാ സംരംഭകയെന്ന നിലയിൽ 73 സെന്റ് ഭൂമിയുടെ ഈടിലാണ് കെ.എഫ്.സി. വായ്പ അനുവദിച്ചത്. 58 ലക്ഷം രൂപയുടെ വായ്പയിൽ കഴിഞ്ഞ രണ്ടു വർഷത്തോളമായി തിരിച്ചടവ് മുടങ്ങി. കോവിഡ് പ്രതിസന്ധിക്കിടയിലെ അടച്ചിടലും മഴക്കെടുതിയിൽ ക്വാറികൾ പൂട്ടിയിട്ടപ്പോൾ സ്ഥാപനത്തിനാവശ്യമായ പാറ ഉത്പന്നങ്ങൾ കിട്ടാത്തതും പ്രതിസന്ധിയായി.
ഇതിനിടെയാണ് ഇവരുടെ 23 സെന്റ് ഭൂമി സാങ്കേതിക സർവകലാശാലാ ആസ്ഥാനത്തിന് ഏറ്റെടുക്കുന്നതായി വിജ്ഞാപനമിറങ്ങിയത്. സർവകലാശാലയുടെ പ്രവേശന കവാടം നെടുങ്കുഴിയിലെ ഇവരുടെ ഭൂമിയിലാണ് നിർമിക്കുന്നതെന്ന് ആദ്യരൂപരേഖയിൽ വ്യക്തമായിരുന്നു. പിന്നീട് 50 ഏക്കർ ഭൂമി മാത്രമേ ഏറ്റെടുക്കുന്നുള്ളൂവെന്നും ഇതിനായി ബി., സി. കാറ്റഗറിയിലുൾപ്പെട്ട ഏക്കറുകണക്കിനു ഭൂമിയുള്ള ഉടമസ്ഥരുടേതായ ചവർ ഫാക്ടറിയോടുചേർന്ന സ്ഥലം ഏറ്റെടുക്കുന്നതായും പറഞ്ഞിരുന്നു.
ഭൂമി ഏറ്റെടുക്കുന്ന നടപടികൾ വൈകിയതോടെ കടബാധ്യത തീർക്കാൻ രാജിയുടെ കുടുംബത്തിന് മാർഗമില്ലാതായി. പ്രതിസന്ധി അതിജീവിക്കാനാകാത്ത ചിന്തയിൽ കഴിഞ്ഞ രാത്രിയും ഇവർ ഉറങ്ങിയിരുന്നില്ലെന്ന് ശിവൻ പറഞ്ഞു. രാവിലെ ഉണർന്നപ്പോൾ രാജിയെ കാണാനാകാതെ ചുറ്റുപാടും അന്വേഷിച്ചുനടന്ന ശിവൻ ഹോളോബ്രിക്സ് കമ്പനിയുടെ സിമന്റ് സൂക്ഷിക്കുന്ന ഷെഡ്ഡിന്റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടാണവിടെയെത്തിയത്.
വിളപ്പിൽശാലയിൽ സർവകലാശാലാ ആസ്ഥാനത്തിനായി ഭൂമി വിട്ടുനൽകിയവരിൽ പലരുമിപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഭൂമി ഏറ്റെടുത്തതായും ഉടൻ പണം ലഭിക്കുമെന്നും തിരഞ്ഞെടുപ്പിനു മുൻപ് അധികൃതർ ഉറപ്പു പറഞ്ഞിരുന്നു. ഇതു വിശ്വസിച്ച് ഉണ്ടായിരുന്ന ഉപജീവനമാർഗം ഉപേക്ഷിച്ചവരാണ് പ്രതിസന്ധിയിലായത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights:entrepreneur who gave land for technical university commits suicide