തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ചൊവ്വാഴ്ച 12.30-ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തും. 3.30-ന് കാസർകോട് പെരിയയിൽ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംബന്ധിക്കും. ഇതിനുശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൊച്ചി നേവൽ എയർബേസിലെത്തും.
ബുധനാഴ്ച 9.50-ന് ദക്ഷിണമേഖലാ നാവിക കമാൻഡിന്റെ പരിപാടിയിൽ പങ്കെടുക്കും. 11.30-ന് വിക്രാന്ത് സെൽ സന്ദർശിക്കും. തുടർന്ന് താജ് മലബാറിലേക്കു പോകും. വ്യാഴാഴ്ച രാവിലെ 10.20-ന് തിരുവനന്തപുരത്തേക്കു പോകും. 11.30-ന് പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ വെങ്കലപ്രതിമ അനാച്ഛാദനം ചെയ്യും. വെള്ളിയാഴ്ച രാവിലെ ഡൽഹിയിലേക്കു തിരിക്കും.
പ്രഥമ പൗരന് വേട്ടയ്ക്കൊരുമകൻ ശില്പം, പ്രഥമ വനിതയ്ക്ക് കാസർകോടൻ സാരി
പെരിയ: മാവുങ്കാൽ പുതിയകണ്ടത്തെ ശില്പി അനിൽ കാർത്തികയ്ക്ക് ഇത് സ്വപ്നസാക്ഷാത്കാരം. ചൊവ്വാഴ്ച പെരിയയിലെ കേന്ദ്രസർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സർവകലാശാല നൽകുന്നത് അനിലിന്റെ കരവിരുതിൽ രൂപംകൊണ്ട വേട്ടയ്ക്കൊരുമകൻ തെയ്യത്തിന്റെ ശില്പം.
കുറച്ച് സമയമേ ലഭിച്ചുള്ളുവെങ്കിലും പ്രഥമ പൗരന് നൽകുന്ന ഉപഹാരം നിർമിക്കാള്ള ഉത്തരവാദിത്വം അനിൽ ഏറ്റെടുക്കുകയായിരുന്നു. രണ്ടടി നീളത്തിൽ വേട്ടയ്ക്കൊരുമകൻ തെയ്യത്തിന്റെ പൂർണരൂപമാണ് 12 ദിവസംകൊണ്ട് നിർമിച്ചത്. ഇതുകൂടാതെ ഒന്നരയടി നീളത്തിൽ ഒൻപത് വിഷ്ണുമൂർത്തി തെയ്യങ്ങളുടെ മുഖവും ഒരുക്കിയെടുത്തു. ചടങ്ങിലെ പ്രധാന വ്യക്തികൾക്ക് സർവകലാശാല ഇവ സമ്മാനിക്കും. കുമിഴ് മരത്തടിയിലാണ് രൂപങ്ങൾ കൊത്തിയെടുത്തത്. 21 വർഷമായി ശില്പനിർമാണമേഖലയിലുള്ള അനിൽ ക്ഷേത്രങ്ങളുടെ നിർമാണവും പെയിന്റിങ് ജോലിയും ചെയ്യാറുണ്ട്. ചെണ്ടവാദ്യകലാരംഗത്തും സജീവമാണ്.
രാഷ്ട്രപതിയോടൊപ്പം പെരിയയിലെത്തുന്ന ഭാര്യ സവിതാ കോവിന്ദിന് സർവകലാശാല സമ്മാനിക്കുക പ്രത്യേകം നെയ്തെടുത്ത കാസർകോടൻ സാരിയാണ്.
• കേരള കേന്ദ്ര സർവകലാശാല ആസ്ഥാന മന്ദിരങ്ങളുടെ ആകാശ ദൃശ്യം (ഫയൽ ചിത്രം)
ചടങ്ങിൽ മാറ്റങ്ങൾ
742 വിദ്യാർഥികൾക്ക് ബിരുദത്തിന് അർഹതയുണ്ടെങ്കിലും 563 വിദ്യാർഥികളാണ് ചൊവ്വാഴ്ച ബിരുദം സ്വീകരിക്കുന്നത്. സർവകലാശാലയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയാലാണ് പരിപാടി. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ബിരുദദാന ചടങ്ങുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്.
ഭരണസമിതി, ഉന്നതാധികാര സമിതി, അക്കാദമിക്ക് കൗൺസിൽ, അധ്യാപകർ എന്നിവർ ചേർന്നാണ് സാധാരണ ഘോഷയാത്രയായി വേദിയിലേക്ക് എത്താറുള്ളത്. എന്നാൽ ഇത്തവണ ബാൻഡ് മേളത്തിനും എൻ.സി.സി. കാഡറ്റുകൾക്കും പുറകിലായി 14 ഡീനുമാർ മാത്രമാണ് വേദിയിലേക്ക് എത്തുക. ശേഷം ഏറ്റവും പുറകിലായി രാഷ്ട്രപതി വേദിയിലെത്തും.
2000 പേർക്ക് ഇരിക്കാവുന്ന വേദിയിൽ 700 പേർക്കാണ് പ്രവേശനമുണ്ടാകുക. വൈസ് ചാൻസലർ അധ്യക്ഷനാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന എക്സൈസ്-തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, രജിസ്ട്രാർ എൻ. സന്തോഷ് കുമാർ, പരീക്ഷാ കൺട്രോളർ ഡോ. എം. മുരളീധരൻ നമ്പ്യാർ, സർവകലാശാല കോർട്ട് അംഗങ്ങൾ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, അക്കാദമിക്ക് കൗൺസിൽ അംഗങ്ങൾ, ഫിനാൻസ് കമ്മിറ്റി അംഗങ്ങൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഡീനുമാർ, വകുപ്പ് മേധാവികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ സർവകലാശാലയിലെ വിദ്യാർഥികൾക്ക് ചടങ്ങിൽ പ്രവേശനമില്ല.
രാഷ്ട്രപതി എത്തുന്നത് രണ്ടാം തവണ
രണ്ടാം തവണയാണ് ഇന്ത്യൻ രാഷ്ട്രപതി പെരിയയിൽ എത്തുന്നത്. രണ്ടിനും കാരണമായത് കേരള കേന്ദ്ര സർവകലാശാല തന്നെ. 2014 ജൂലായിലാണ് ഒരു രാഷ്ട്രപതി കാസർകോടിന്റെ മണ്ണിൽ ആദ്യമായെത്തിയത്. കേന്ദ്രസർവകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങിന് അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജി പെരിയയിൽ എത്തി. മംഗളൂരുവിൽ നിന്ന് സുദീർഘമായ യാത്ര നടത്തിയാണ് അദ്ദേഹം സർവകലാശാലയിലെത്തിയത്. പ്രതികൂല കാലാവസ്ഥയിൽ ഹെലികോപ്റ്റർ യാത്ര ഒഴിവാക്കി റോഡ് മാർഗം 170 കിലോമീറ്റർ അദ്ദേഹം സഞ്ചരിച്ചിരുന്നു. ഈ സന്ദർശന വേളയിലാണ് കാമ്പസിരിക്കുന്ന കുന്നിൻപുറത്തെ തേജസ്വനി ഹിൽസ് എന്ന് പ്രണബ് നാമകരണം ചെയ്തത്.
• രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തോടനുബന്ധിച്ച് കേന്ദ്ര സർവകലാശാല ദീപാലംകൃതമായപ്പോൾ
ദേശീയ നേതാക്കളുടെ സംസ്ഥാന സന്ദർശന വേളയിൽ കാസർകോട് എന്നും ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും സർവകലാശാലയുടെ ആരംഭത്തിന് ശേഷം പ്രമുഖരുടെ സന്ദർശനം ജില്ലയിൽ വർധിച്ചിട്ടുണ്ട്. 2018-ൽ പുതിയ അക്കാദമിക്ക് കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പെരിയയിൽ എത്തിയിരുന്നു. കോവിഡ് നിശ്ചലമാക്കിയ രണ്ട് വർഷങ്ങൾക്ക് ശേഷം ജില്ലയിൽ നടക്കുന്ന വലിയ പരിപാടികളിലൊന്നാണ് ചൊവ്വാഴ്ച നടക്കുന്നത്. 2018-20 ബാച്ചിൽ പഠിച്ചിറങ്ങിയ വിദ്യാർഥികൾക്ക് ബിരുദം സമ്മാനിക്കാനാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സർവകലാശാലയിൽ എത്തുന്നത്.
Content Highlights: President Ramnath Kovind Kerala visit