തിരുവനന്തപുരം
സംസ്ഥാനത്ത് നാലു പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് നാലു പേരും. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഒമിക്രോൺ സ്ഥിരീകരിച്ച 17 വയസ്സുകാരനോടൊപ്പം യുകെയിൽനിന്ന് എത്തിയ അമ്മ (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യുകെയിൽനിന്ന് എത്തിയ യുവതി (27), നൈജീരിയയിൽനിന്ന് എത്തിയ യുവാവ് (32) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 27 വയസ്സുകാരി 17 വയസുകാരൻ എത്തിയ വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുൾപ്പെടുന്നയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽനിന്ന് എത്തിയത്. സമ്പർക്കവിലക്കിലായ ഇവർക്ക് 16ന് കോവിഡ് സ്ഥിരീകരിച്ചു.
മുപ്പത്തിരണ്ടുകാരൻ 17ന് ആണ് നൈജീരിയയിൽനിന്ന് എത്തിയത്. വിമാനത്താവളത്തിലെ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു.
കോവിഡ് പോസിറ്റീവായതിനാൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ സാമ്പിൾ പരിശോധനയിലാണ് നാല് പേർക്കും ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവർ 15 ആയി.
ജാഗ്രത വേണം
സംസ്ഥാനത്ത് ഒമിക്രോൺ ബാധിതർ വർധിക്കുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ. രോഗം തീവ്രമാകില്ലെങ്കിലും വ്യാപനം കൂടാനുള്ള സാധ്യതയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരിൽനിന്ന് രോഗം പകരാനുള്ള ആശങ്കയും നിലവിലുണ്ട്. എത്രയുംവേഗം വാക്സിനേഷൻ പൂർത്തിയാക്കുകയാണ് ആദ്യ നടപടി. പ്രത്യേകിച്ച് പ്രായമായവർ. ഡെൽറ്റാപോലെ ഒമിക്രോണും വാക്സിനെ ഭാഗികമായി അതിജീവിക്കുമെന്നാണ് കണ്ടെത്തൽ. വാക്സിൻ എടുത്തവരിൽ രോഗം തീവ്രമാകില്ല. മാസ്ക് നിർബന്ധമായും ധരിക്കണം. ആൾക്കൂട്ടങ്ങൾക്കുള്ള നിയന്ത്രണം കർശനമായി തുടരണം. എൻ95 അല്ലെങ്കിൽ ഡബിൾ മാസ്ക് ധരിക്കണം. അടഞ്ഞ മുറികളും എസിയും ഒഴിവാക്കി മുറികൾ വായുസഞ്ചാരമുള്ളതാകണം. ഇവ മൂന്നും പ്രത്യേകം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ വ്യാപനം ഒഴിവാക്കാമെന്ന്- കോവിഡ് മാനേജ്മെന്റ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ പറഞ്ഞു. ജനസാന്ദ്രതയിലും പ്രായമായവരുടെ എണ്ണത്തിലും മുന്നിലായതിനാൽ കേരളത്തിൽ പ്രത്യേക ശ്രദ്ധ വേണം. വിദേശത്തുനിന്ന് വരുന്നവരും അവരുമായി സമ്പർക്കമുള്ളവരും സ്വയം നിരീക്ഷണം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്
സ്വീകരിക്കുക: മന്ത്രി
സംസ്ഥാനത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്യുന്നതിനാൽ വീണ്ടും കോവിഡ് വ്യാപനം ഒഴിവാക്കാൻ വാക്സിൻ എടുക്കാത്തവർ ഉടൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 11 ലക്ഷം ഡോസ് വാക്സിൻ സ്റ്റോക്കുണ്ട്. സൗജന്യമായി സ്വീകരിക്കാനുള്ള സൗകര്യം എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രത്തിലും ഉണ്ട്. രണ്ടാം ഡോസ് വാക്സിനും നിശ്ചിത കാലയളവിൽ സ്വീകരിക്കണം. വാക്സിൻ എടുത്തവരിൽ കോവിഡ് തീവ്രമാകുന്നില്ല. ആശുപത്രിവാസവും ഐസിയു, വെന്റിലേറ്റർ എന്നിവ ഉപയോഗിക്കേണ്ടി വരുന്നതും കുറയുന്നു. എല്ലാവരും വാക്സിൻ സ്വീകരിച്ച് രോഗപ്രതിരോധശേഷി ആർജിച്ചാൽ ഒമിക്രോൺ വ്യാപനഭീഷണി തടയാനും കോവിഡ് മൂന്നാംതരംഗം പ്രതിരോധിക്കാനും ആകുമെന്ന് മന്ത്രി പറഞ്ഞു.