ആലപ്പുഴ
വർഗീയകലാപവും കേരളത്തിലെ ക്രമസമാധാനനില തകർന്നുവെന്ന് സ്ഥാപിക്കലുമായിരുന്നു ആലപ്പുഴയിൽ ആർഎസ്എസും എസ്ഡിപിഐയും മണിക്കൂറുകൾക്ക് ഇടയിൽ നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം. സർക്കാറിനെതിരെ വാളോങ്ങി യുഡിഎഫും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും പതിവുപോലെ ഇവരെ വെള്ളപൂശാനിറങ്ങി. നട്ടാൽ കുരുക്കാത്ത നുണപ്രചാരണവും ഏറ്റെടുത്തു. പൊലീസിന് വീഴ്ച, ക്രമസമാധാനം തകർന്നു എന്നിവയ്ക്കൊപ്പം സിപിഐ എമ്മിനെയും കടന്നാക്രമിച്ചായിരുന്നു മാധ്യമവിചാരണ.
ഞായറാഴ്ചത്തെ ചാനൽചർച്ചയിൽ ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയും തീവ്രവാദസ്വഭാവം ചർച്ച ചെയ്യപ്പെട്ടതേയില്ല. തിങ്കളാഴ്ച ഇറങ്ങിയ പത്രങ്ങളും ഇതേ നയം സ്വീകരിച്ചു. സംഘർഷങ്ങളോ പ്രകോപനമോ ഇല്ലാതെയായിരുന്നു കൊലപാതകം. എന്നാൽ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയതുമാണ്. വർഗീയകലാപം കത്തിപ്പടരാനുള്ള സാധ്യത വർധിപ്പിക്കുന്നതായിരുന്നു സാഹചര്യം. ഇത് തിരിച്ചറിഞ്ഞ പൊലീസ് കൃത്യമായ ഇടപെട്ടു. ഇരുകേസുകളിലും ബന്ധമുണ്ടെന്നു കരുതുന്ന 50 പേരെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തു.
മണ്ണഞ്ചേരിയിൽ കെ എസ് ഷാനിനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രശ്നമുണ്ടാകാൻ സാധ്യതയുള്ള മേഖലകളിലെല്ലാം പൊലീസിനെ വിന്യസിച്ചു. ആയിരത്തോളം പൊലീസുകാരെ പുലരും മുമ്പേ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വിന്യസിച്ചു. ഇരുസംഘടനകളിലെയും സുരക്ഷാഭീഷണിയുള്ളവരുടെ വീടുകൾ നിരീക്ഷണത്തിലാക്കി.
രഞ്ജിത്ത് ശ്രീനിവാസന് ആരിൽനിന്നും ഭീഷണിയും ഉണ്ടായിരുന്നില്ല. ഈ കൊലപാതകത്തിനു ശേഷവും മണ്ണഞ്ചേരിയും ആലപ്പുഴ നഗരവും പൂർണമായി പൊലീസ് വലയത്തിലാണ്. ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടല്ലൂരി സംഭവസ്ഥലങ്ങൾ സന്ദർശിച്ചു. പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചതിനു പിന്നാലെ എഡിജിപി വിജയ് സാഖ്റെ എത്തി ചുമതല ഏറ്റെടുത്തു.
തിങ്കൾ പുലർച്ചെ മൂന്നുവരെ എഡിജിപി കേസന്വേഷണവും ചോദ്യം ചെയ്യലുമായി സജീവമായിരുന്നു. ഞായറാഴ്ച ഷാനിന്റെയും തിങ്കളാഴ്ച രഞ്ജിത്തിന്റെയും വിലാപയാത്രയിൽ അനിഷ്ടസംഭവം ഉണ്ടാകാതിരുന്നത് പൊലീസിന്റെ ജാഗ്രതയ്ക്കുള്ള തെളിവാണ്.
ആന്റണി കണ്ണടച്ച തൈയ്ക്കൽ കലാപം
പൊലീസ് വീഴ്ചയെക്കുറിച്ച് പറയുന്നവർ 2002ലെ തൈയ്ക്കൽ കലാപത്തെക്കുറിച്ച് അറിയണം. അന്ന് തൈയ്ക്കൽ ഉൾപ്പെടുന്ന ചേർത്തല മണ്ഡലത്തെ പ്രതിനിധാനംചെയ്ത എ കെ ആന്റണി മുഖ്യമന്ത്രി. നാലുപേരെ കടലിലും കരയിലുമായി കൊന്നുതള്ളി. നിരവധി പേർ ആക്രമണത്തിനിരയായി. വീടുകൾ അഗ്നിക്കിരയാക്കി. കലാപം തടയാൻ പൊലീസ് നടപടി സ്വീകരിച്ചില്ല. അന്ന് സമാധാനശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയ സിപിഐ എം അക്രമികളെ തടഞ്ഞു. ഇരകൾക്ക് ഭക്ഷണവും മരുന്നും എത്തിച്ചു.