തിരുവനന്തപുരം
ആലപ്പുഴയിലെ ആർഎസ്എസ് എസ്ഡിപിഐ കൊലപാതകങ്ങളുടെ മറവിൽ വർഗീയവിഭജനത്തിനുള്ള നീക്കം രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിൽ. സാമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണവും നിരീക്ഷിക്കും. ഇതിനായി ഇന്റലിജൻസ് എസ്പിമാർക്ക് ഇന്റലിജൻസ് മേധാവി നിർദേശം നൽകി. ആഭ്യന്തര സുരക്ഷ വിഭാഗത്തിനാണ് ചുമതല. വർഗീയമുതലെടുപ്പിന് എസ്ഡിപിഐയും സംഘപരിവാറും ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു.
വാട്സാപ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം ഗ്രൂപ്പുകൾ വഴിയാണ് വർഗീയനീക്കം. ഇതിനായി പഴയ ഗ്രൂപ്പുകളാണ് ഉപയോഗിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ട് വർഗീയത ആളിക്കത്തിച്ചത് ഇത്തരം ഗ്രൂപ്പുകളിലായിരുന്നു. ഇത്തരം ഗ്രൂപ്പുകൾ നിരീക്ഷണത്തിലാണ്. സംഘടന നേതാക്കൾ, മുമ്പ് വർഗീയ ആക്രമണങ്ങളുണ്ടായ പ്രദേശങ്ങൾ എന്നിവയും നിരീക്ഷണത്തിലാണ്. നേതാക്കളുടെ പ്രസ്താവനകൾ, പ്രസംഗങ്ങൾ എന്നിവ പരിശോധിക്കും. പ്രസംഗങ്ങൾ പൂർണമായും റെക്കോഡ് ചെയ്യും. അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണം ശക്തിപ്പെടുത്തി.