ആലപ്പുഴ
ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ആർഎസ്എസുകാർ കൊലപ്പെടുത്തിയത് മുഖ്യശിക്ഷക് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്. കഴിഞ്ഞ ഫെ ബ്രുവരി 24ന് വയലാറിൽ എസ്ഡിപിഐക്കാർ ആർഎസ്എസ് മുഖ്യശിക്ഷക് നന്ദുകൃഷ്ണയെ കൊന്നതിന് പ്രതികാരമായിട്ടാണിത്. ആർഎസ്എസ് ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ആസൂത്രണം. ആർഎസ്എസ് കാര്യാലയത്തിൽനിന്നാണ് പ്രതികളെ പിടിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ഷാനിനെ കൊലപ്പെടുത്താനായി രണ്ടരമാസം മുമ്പ് ഗൂഢാലോചന തുടങ്ങി . രണ്ടാഴ്ച ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചു. വാടകയ്ക്കെടുത്ത കാറിൽ രണ്ടുദിവസം പിന്തുടർന്നു. ശനി രാത്രി ഏഴരയോടെ കാറിലെത്തിയ അഞ്ചുപേരും ബൈ ക്കിലെത്തിയ ഒരാളുമാണ് കൃത്യം നടത്തിയത്. ബെെക്കിലെത്തിയ ആൾ നൽകിയ വിവരം അനുസരിച്ചാണ് കൊലപാതകസംഘം കൃത്യം നടത്തിയതെന്നും റിപ്പോർട്ട് പറയുന്നു.
കേസിൽ അറസ്റ്റിലായ രണ്ട് ആർഎസ്എസ് പ്രവർത്തകരെ ആലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. ആർഎസ്എസ് കലവൂർ ഖണ്ഡസേവാ പ്രമുഖ് മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡിൽ പൊന്നാട് കാവച്ചിറ പ്രസാദ് എന്ന രാജേന്ദ്രപ്രസാദ് (39), ആർഎസ്എസ് കലവൂർ മണ്ഡൽ കാര്യവാഹക് കലവൂർ കാട്ടൂർ കുളമാക്കി വെളിയിൽ കുട്ടൻ എന്ന രതീഷ് (31) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
ശനി രാത്രിയാണ് ഷാനിനെ കാറിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊന്നത്. പിന്നാലെ ഞായർ പുലർച്ചെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐക്കാർ കൊലപ്പെടുത്തി. ഈ കേസിൽ നിരവധി പേർ കസ്റ്റഡിയിൽ ഉണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.