കൊച്ചി
ഒമിക്രോൺ ആശങ്കയിൽ ഓഹരിവിപണി തിങ്കളാഴ്ച വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്സ് ദിനവ്യാപാരവേളയിൽ 1879 പോയിന്റ് താഴ്ന്നു. ഏപ്രിലിനുശേഷമുള്ള ഒരു ദിവസത്തെ വലിയ തകർച്ചയാണിത്. നിക്ഷേപകർക്ക് ഒമ്പത് ലക്ഷം കോടി രൂപ നഷ്ടമായി.
ഒമിക്രോൺ വ്യാപനത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ നിയന്ത്രണം ഏർപ്പെടുത്തുന്നതിനാൽ സാമ്പത്തിക ഞെരുക്കമുണ്ടാകാം എന്നതും ചൈന വായ്പ നിരക്ക് കുറച്ചതും സ്വാധീനിച്ചു.
സെൻസെക്സ് 55,822.01ലും നിഫ്റ്റി 371 പോയിന്റ് താഴ്ന്ന് 16,614.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 2.09 ശതമാനവും നിഫ്റ്റി 2.18 ശതമാനവും നഷ്ടം നേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക 3.71 ശതമാനവും ബാങ്ക് 3.21 ശതമാനവും ഐടി 1.75 ശതമാനവും റിയാൽറ്റി 4.74 ശതമാനവും ഇടിഞ്ഞു. ബിപിസിഎല്ലും (6.42 ശതമാനം) ടാറ്റാ സ്റ്റീലുമാണ് (5.20 ശതമാനം) ഏറ്റവും നഷ്ടം നേരിട്ടത്.