അതേസമയം സംഘര്‍ഷത്തിനു സാധ്യതയുള്ളതിനാൽ ജില്ലയിലെ നിരോധനാജ്ഞ 22 വരെ നീട്ടി. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി ക്രിമിനല്‍ നടപടിക്രമം- 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ ഡിസംബര്‍ 22ന് രാവിലെ ആറു വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സര്‍വകക്ഷിയോഗം നാളെ വൈകുന്നേരം നാലിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, കൃഷിമന്ത്രി പി പ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ കൊലപ്പെടുത്തിയതിനു പിന്നിൽ പ്രതികാരമെന്ന് പോലീസ്. ആർഎസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദുവിനെ കൊലപ്പെടുത്തയതിനുള്ള പകയാണ് ഷാനിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടൻ എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികളേയും റിമാൻഡ് ചെയ്തു.