സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല. 11 ലക്ഷം ഡോസ് വാക്സിൻ ഇപ്പോൾ സ്റ്റോക്കുണ്ട്. സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സൗജന്യമായി വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യമുണ്ട്. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. രണ്ടാം ഡോസ് സ്വീകരിക്കാനുള്ളവര്‍ നിശ്ചിത കാലയളവിനുള്ളിൽ വാക്സിൻ സ്വീകരിക്കേണ്ടതാണ്.
ആദ്യ ഡോസ് സ്വീകരിച്ച ശേഷം 84 മുതൽ 116 ദിവസത്തിനുള്ളിൽ കൊവിഷീൽഡും 28 മുതൽ 42 ദിവസത്തിനുള്ളിൽ കൊവാക്സിനും സ്വീകരിക്കേണ്ടതാണ്. രണ്ടാം ഡോസ് സ്വീകരിക്കാൻ ആരും മടികാണിക്കരുതെന്നും മന്ത്രി പറഞ്ഞു. രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂര്‍ണ്ണമായും പ്രതിരോധ ശേഷി ലഭിക്കുക.
വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ തീവ്രമായി കാണുന്നില്ല. അതിനാൽ ഐസിയു, വെന്റിലേറ്റര്‍ എന്നിവ ഉപയോഗിക്കേണ്ട സാഹചര്യം കുറയുകയും മരണം ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും. എല്ലാവരും വാക്സിൻ സ്വീകരിച്ചാൽ ഒമിക്രോൺ വ്യാപനം തടയാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.