ആലപ്പുഴ: ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടിക്രമം- 144 പ്രകാരം ആലപ്പുഴ ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22-ന് രാവിലെ ആറുവരെ ദീർഘിപ്പിച്ചു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ എ. അലക്സാണ്ടർ ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതായുള്ള ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള സർവ്വകക്ഷി യോഗം ചൊവ്വാഴ്ച(ഡിസംബർ 21) വൈകുന്നേരം നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ജില്ലയുടെ ചുമതലയുള്ള ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗത്തിൽ എം.പിമാർ, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ആലപ്പുഴയിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി നടന്ന രണ്ട് കൊലപാതകങ്ങൾ കേരളത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം കാറിലെത്തി വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെ മരിച്ചു. ഇതിന് മണിക്കൂറുകൾക്കകമാണ് ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസ് കൊല്ലപ്പെടുന്നത്. ഞായറാഴ്ച രാവിലെ ആറരയോടെ വീട്ടിലെത്തിയ സംഘം രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു.
content highlights:prohibitory order extended in alappuzha