തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ, വീണ്ടും ഒരു കോവിഡ് വ്യാപനം ഒഴിവാക്കാനായി, കോവിഡ് വാക്സിൻ ഇതുവരെ സ്വീകരിക്കാത്തവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.
സംസ്ഥാനത്ത് വാക്സിൻ ക്ഷാമമില്ല. 11 ലക്ഷം ഡോസ് വാക്സിൻ ഇപ്പോൾ സ്റ്റോക്കുണ്ട്. സൗജന്യമായി വാക്സിൻ എടുക്കുവാനുള്ള സൗകര്യം എല്ലാ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിലും ലഭ്യമാണ്. ഈ സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും മന്ത്രി അഭ്യർഥിച്ചു.
രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവർ നിശ്ചിത കാലയളവിൽ വാക്സിൻ സ്വീകരിക്കേണ്ടതാണ്. കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ്, ആദ്യ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 84 മുതൽ 116 ദിവസത്തിനുള്ളിലും കോവാക്സിൻ 28 മുതൽ 42 ദിവസത്തിനുള്ളിലുമാണ് സ്വീകരിക്കേണ്ടത്. രണ്ടാം ഡോസ് സ്വീകരിക്കുന്നതിൽ ആരും വിമുഖത കാട്ടരുതെന്നും മന്ത്രി പറഞ്ഞു.
രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ച് കഴിഞ്ഞ് 14 ദിവസം കഴിയുമ്പോഴാണ് പൂർണമായ പ്രതിരോധ ശേഷി ലഭിക്കുന്നത്. അതിനാൽ എത്രയും നേരത്തെ രണ്ടു ഡോസ് വാക്സിൻ നിശ്ചിത കാലയളവിൽ സ്വീകരിക്കുക എന്നത് കോവിഡ് പ്രതിരോധത്തിൽ വളരെ പ്രധാനമാണ്. വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് രോഗബാധ തീവ്രമാകുന്നതായി കാണുന്നില്ല. അതിനാൽ ആശുപത്രി വാസത്തിന്റെയും ഐ.സി.യു., വെന്റിലേറ്റർ എന്നിവ ഉപയോഗിക്കേണ്ടി വരുന്നത് കുറയുകയും മരണം സംഭവിക്കുന്നത് ഒഴിവാക്കുവാൻ സാധിക്കുന്നെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തിലെ എല്ലാവരും ഒരുപോലെ വാക്സിൻ സ്വീകരിച്ച് രോഗപ്രതിരോധശേഷി ആർജ്ജിച്ചാൽ ഒമിക്രോൺ വകഭേദ വ്യാപന ഭീഷണി തടയുവാനും കോവിഡ് മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുവാനും സാധിക്കും. അതിനാൽ വാക്സിനെടുക്കാൻ ബാക്കിയുള്ളവർ എത്രയും വേഗം വാക്സിൻ സ്വീകരിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
content highlights:health minister veena george asks people to receive covid vaccination