കോഴിക്കോട്: പ്രമുഖ ആർക്കിടെക്ടും കോഴിക്കോട്ടെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പി. അബ്ദുൽ ഹമീദ് (71) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചക്കോരത്തുകുളം സ്കൈലൈൻ കനോപി അപ്പാർട്ടമെന്റിലായിരുന്നു താമസം.
കോഴിക്കോട് ആർ.ഇ.സി.യിൽനിന്ന് 1972-ൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയാണ് അദ്ദേഹം ആർകിടെക്ട് മേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് 1981-ൽ അബ്ദുൽ ഹമീദ് കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി പ്രൊജക്ടുകൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. കോഴിക്കോട് വ്യാപാര ഭവൻ, ഇഖ്റ ആശുപത്രി, കോട്ടയ്ക്കൽ മിംസ്, കൂർഗ് ഇബിനി റിസോർട്ട്, കൊച്ചി ട്രാവൻകൂർ കോർട്ട്, ദുബായ് കസ്റ്റംസ് മ്യൂസിയം(യു.എ.ഇ) തുടങ്ങിയ നിരവധി പ്രൊജക്ടുകൾ ഇദ്ദേഹം രൂപകല്പന ചെയ്തു. ഇതിനുപുറമെ നിരവധി അപ്പാർട്ട്മെന്റുകളും ഇദ്ദേഹം രൂപകല്പന ചെയ്തിട്ടുണ്ട്.
1980-ൽ റോട്ടറി കാലിക്കറ്റ് മിഡ് ടൗണിന്റെ ചാർട്ടർ സെക്രട്ടറിയായിരുന്നു. ആ പദവിയിലിരിക്കുമ്പോൾ കോഴിക്കോട്ട് ആദ്യത്തെ ഫുഡ് ഫെസ്റ്റുൾപ്പടെ നിരവധി പരിപാടികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തി. കോഴിക്കോട്ടെ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചത് അദ്ദേഹമായിരുന്നു. അബ്ദുൽ ഹമീദിന്റെ അഞ്ചുവർഷം നീണ്ട അർബുദത്തോടുള്ള പോരാട്ടം എല്ലാവർക്കും ഒരു മാതൃകയായിരുന്നു. അർബുദത്തെ വകവെയ്ക്കാതെ ജീവിതസന്തോഷത്തെ ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ സാമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ചിത്രങ്ങളും ഏറെ ചർച്ചചെയ്തിരുന്നു.
ഭാര്യ: സറീന ഹമീദ്. മക്കൾ: ഷഹാന ഹമീദ് (ഡിസൈൻ കൾസൾട്ടന്റ്, ബെംഗളൂരു), ഭാവന ഹമീദ് (അർക്കിടെക്ട്, പ്ലെഗ്രൂപ്പ് സ്റ്റുഡിയോ) മരുമക്കൾ: ഹർഷ് പട്ടേൽ(അർക്കിടെക്ട്, പ്ലെഗ്രൂപ്പ് സ്റ്റുഡിയോ).
അനുശോചിച്ചു
കോഴിക്കോട്ടെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ആർകിടെക്ട് പി.അബ്ദുൽ ഹമീദിന്റെ നിര്യാണത്തിൽ മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ പി.വി.ഗംഗാധരൻ അനുശോചിച്ചു.