കൊല്ലം> ഒന്നരക്കോടി വിലവരുന്ന രണ്ടേകാൽ ലക്ഷം പാക്കറ്റ് പാൻമസാല പൊലീസ് പിടികൂടി. ലോറിഡ്രൈവർ തൃശൂർ വേലൂപ്പാടം വരന്തരപ്പള്ളി കണ്ണൂർകാടൻ പ്രമോദി(37)നെ കിളികൊല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൊല്ലം ബൈപാസിൽ കല്ലുംതാഴത്ത് നടത്തിയ വാഹന പരിശോധനയിലാണ് പാൻമസാല പിടികൂടിയത്.കൊല്ലം നഗരത്തിലും തിരുവനന്തപുരം ജില്ലയിലും വിതരണം ചെയ്യാൻ ചാലക്കുടിയിൽനിന്ന് കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.
രണ്ടുലോറികളിലായി 90 ചാക്കിലാണ് പാൻമസാല സൂക്ഷിച്ചിരുന്നത്. ആദ്യത്തെ ലോറി പൊലീസ് പിടികൂടുന്നതു കണ്ടതോടെ പിന്നിലെ ലോറി ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെട്ടു. ഇയാളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കൊടുത്തുവിട്ട മൊത്തവ്യാപാരിയുടെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ജില്ലയിൽ അടുത്തിടെ പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ പാൻമസാല വേട്ടയാണിത്.
സംസ്ഥാനത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ മൊത്തവ്യാപാരം നടത്തുന്ന സംഘത്തിന്റെ ഗണേഷ്, ശംഭു, ഹാൻസ് തുടങ്ങിയ ബ്രാൻഡുകളിലുള്ള പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കിളികൊല്ലൂർ എസ്എച്ച്ഒ കെ വിനോദിന്റെ നേതൃത്വത്തിൽ എസ്ഐ എ പി അനീഷ്, എസ്ഐ താഹാകോയ, പിആർഒ ജയൻ സക്കറിയ, എഎസ്ഐമാരായ സി സന്തോഷ് കുമാർ, എസ് സന്തോഷ്, ജിജു, ദിലീപ്, അജോ ജോസഫ്, സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പാൻമസാല പിടികൂടിയത്.
ലോക്കേഷനും കൂലിയും ഗൂഗിളിൽ
മൊത്തവ്യാപരിയെ നേരിൽ കാണാറില്ലെന്നും ചാലക്കുടി ഹൈവേയിൽ പാൻമസാല നിറച്ച ലോറി താക്കോൽസഹിതം നിർത്തിയിട്ടിരിക്കുമെന്നും പിടിയിലായ ഡ്രൈവർ പൊലീസിന് മൊഴി നൽകി. ലോറിക്കടുത്ത് ആരുമുണ്ടാകില്ല. ഡ്രൈവർമാർ എത്തി ലോറി എടുത്തുകൊണ്ടുപോയാൽ മതി. എവിടെ എത്തിക്കണമെന്ന് മൊബൈൽഫോണിൽ ഗൂഗിൾ ലൊക്കേഷൻ മാപ്പ് വഴി നിർദേശംനൽകും. പണവും ഗൂഗിൾപേയിൽ ട്രാൻസ്ഫർ ചെയ്തുനൽകുകയാണ് പതിവ്. കഴിഞ്ഞദിവസം ബാലരാമപുരത്ത് പാൻമസാല ഇറക്കിയ സ്ഥലവും ഇയാൾ പൊലീസിനോട് പറഞ്ഞു. പച്ചക്കറി കയറ്റിവരുന്ന ബോർഡുവച്ച ലോറിയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഇവർ കടത്തിയിരുന്നത്.