ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്.
മാരാരിക്കുളം പോലീസെത്തി കാർ പരിശോധിക്കുകയാണ്. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതികൾ ഉപയോഗിച്ച കാർ വാടകയ്ക്കെടുത്തതാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരം ഏഴരയോടെ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്.ഡി.പി. ഐ. സംസ്ഥാന സെക്രട്ടറിയായ കെ.എസ്. ഷാനെ ആക്രമിച്ചത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ സംഘം ഷാനെ വെട്ടി വീഴ്ത്തുകയായിരുന്നു. നാൽപ്പതിലധികം വെട്ടേറ്റ ഷാനിന്റെ കഴുത്തിനേറ്റ വെട്ടാണ് മരണകാരണമായതെന്നു പറയുന്നു.
ഷാന്റെ കൊലപാതകവുമായ ബന്ധപ്പെട്ട് രണ്ടു ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കുട്ടൻ എന്ന രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി ആലപ്പുഴ എസ്.പി. ജി. ജയദേവ് അറിയിച്ചു.
ഗൂഢാലോചനയിൽ പങ്കുള്ളവരാണ് അറസ്റ്റിലായ ഇരുവരുമെന്ന് എസ്.പി. പറഞ്ഞു. രണ്ടുപേരും ആർ.എസ്.എസിന്റെ സജീവപ്രവർത്തകരാണെന്നും എസ്.പി. വ്യക്തമാക്കി. കേസിൽ ബാക്കി പ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കൂടുതൽ പ്രതികൾ അറസ്റ്റിലായാലേ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം അടക്കം വ്യക്തമാവുകയുള്ളൂ. രഞ്ജിത്ത് കൊലക്കേസിലും പ്രതികൾ ഉടൻ വലയിലാകുമെന്നും എസ്.പി. പറഞ്ഞു.
Content Highlights : KS Shan murder case; Car suspected to be used by the accused was found