ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പുവരുന്നതിനായി ആലപ്പുഴ കളക്ട്രേറ്റിൽ തിങ്കളാഴ്ച ചേരാനിരുന്ന സർവകക്ഷി യോഗം ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
ഇന്ന് മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തുടർന്ന് അഞ്ചുമണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു. എന്നാൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.
അതേസമയം, സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായുള്ള സർവകക്ഷിയോഗത്തിന് തങ്ങൾ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി അറിയിച്ചു. ഇതേത്തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്.
രഞ്ജിത്തിന്റെ സംസ്കാര ചടങ്ങുകൾ അവസാനിച്ച് ഇന്ന് രാത്രിയോ നാളെയോ മറ്റന്നാളോ സർവ്വകക്ഷിയോഗം നടത്താമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്കാര ചടങ്ങുകൾ മൂന്ന് മണിക്കോ അഞ്ചു മണിക്കോ പൂർത്തിയാകുമോ എന്നറിയില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുന്നുണ്ട്. മൂന്നിടത്ത് പൊതുദർശനമുണ്ട്. ബിജെപിയോട് സർക്കാരിന്റെ അസഹിഷ്ണുത തുടരുകയാണ്, സുരേന്ദ്രൻ പറഞ്ഞു.
സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് എതിരല്ല. പക്ഷേ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹത്തോട് കാണിച്ച അനാദരവ് സഹിക്കാൻ സാധിക്കുന്നതല്ല. പോലീസും സർക്കാരും ഒരുപോലെ അവഗണനയാണ് കാണിക്കുന്നത്. അതേ സമയം എസ്ഡിപിഐക്കും തീവ്രവാദ ശക്തികൾക്കും വേണ്ട എല്ലാ പരിഗണനയും നൽകുന്നുമുണ്ട്. സർവ്വകക്ഷി യോഗം അഞ്ചു മണിയിലേക്ക് മാറ്റിയത് ഞങ്ങളോട് ആരും സംസാരിച്ചിട്ടല്ല. രഞ്ജിത്തിന്റെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്നോ ചടങ്ങുകൾ എപ്പോൾ കഴിയുമെന്നോ അറിയില്ല. അതുകൊണ്ട് ഇന്നത്തെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ല,ബിജെപി ആലപ്പുഴ ജില്ലാ അധ്യക്ഷൻ പറഞ്ഞു.
Content Highlights : Aalappuzha Twin Murder; All-party-meeting in Alappuzha postponed due toBJP protest