നിർഭാഗ്യകരമായ രാഷ്ട്രീയ കൊലപാതകങ്ങൾ ജനാധിപത്യത്തിൻ്റെ മൂല്യശേഷണങ്ങളാണ് അടയാളപ്പെടുത്തുന്നത്. അവ കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ച കാര്യങ്ങൾ അല്ലെന്നും ഗവർണർ പറഞ്ഞു.
12 മണിക്കൂറിനിടെ ആലപ്പുഴ ജില്ലയിൽ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇരുവിഭാഗങ്ങളിലുമായി അമ്പതോളം പേർ കസ്റ്റഡിയിലായി.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയുടെ കൊലയ്ക്ക് പിന്നാലെയാണ് ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ വെച്ചാണ് കൊലപാതകം. പുലർച്ചെ പ്രഭാത സവാരിക്ക് തയ്യാറെടുക്കുന്നതിനിടെ അക്രമി സംഘം വീട്ടിൽ കയറി രഞ്ജിത്തിനെ ആക്രമിക്കുകയായിരുന്നു. ആലപ്പുഴ നിയോജകമണ്ഡലത്തിലേക്ക് മത്സരിച്ച നേതാവാണ് കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസന്‍.
ശനിയാഴ്ച രാത്രിയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി ഏഴരയോടെ മണ്ണഞ്ചേരി പൊന്നാട് വച്ചാണ് കാറിലെത്തിയ സംഘം ഷാനെ ആക്രമിച്ചത്. ഇരട്ടക്കൊലപാതകത്തിൻ്റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിൽ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴയിലുണ്ടായ ഇരട്ടക്കൊലപാതം മുഖ്യമന്ത്രിയുടെ വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകങ്ങളാണ് നടന്നത്. പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കൾ തമ്മിലുള്ളതും അതേസമയം വർഗീയ ചേരിതിരിവ് ലക്ഷ്യമിടുന്നതുമാണ് ഈ കൊലപാതകങ്ങളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സോഷ്യൽ എൻജിനീയറിങ് എന്ന ഓമന പേരിട്ട് മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനത്തിന്റെ ബാക്കിപത്രമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽ വർഗീയ ശക്തികളുമായി മാറി മാറി സിപിഎമ്മിനുള്ള ബന്ധമാണ് അപകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.