കൊച്ചി: എസ്.ഡി.പി.ഐ നേതാവ് കെ.എസ്. ഷാനിന്റെ കൊലയ്ക്കു പിന്നിൽ ആർ.എസ്.എസ്. അക്രമിസംഘമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി. വത്സൽ തില്ലങ്കേരി ജില്ലയിൽ തങ്ങി കൊലപാതകത്തിന് ഗൂഢാലോചന നടത്തി. ആഭ്യന്തര വകുപ്പും ആർ.എസ്.എസും തമ്മിൽ ധാരണയിലാണെന്നും അഷ്റഫ് മൗലവി പറഞ്ഞു.
ബിജെപിയും സംഘപരിവാറും സമാധാനനില തകർക്കുന്നതിന് തുടക്കംകുറിച്ചിരിക്കുകയാണ്. കെ.എസ്. ഷാനെ അതിദാരുണമായാണ് ആർഎസ്എസ് കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തിന് പരിശീലനം കൊടുക്കുകയും ആസൂത്രണം നടത്തുകയും ചെയ്യുന്ന ആർഎസ്എസ് നേതാവ് വത്സൽ തില്ലങ്കേരി കഴിഞ്ഞ ദിവസം ആലപ്പുഴയിൽ ഉണ്ടായിരുന്നു. അദ്ദേഹം പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രഭാഷണം നടത്തുകയും ചെയ്തിരുന്നതായി അഷ്റഫ് മൗലവി പറഞ്ഞു.
രാഷ്ട്രീയമായി വളരാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളിൽ കലാപങ്ങൾ സൃഷ്ടിക്കുന്നതാണ് ആർഎസ്എസിന്റെ പതിവ്. അത്തരം നീക്കങ്ങൾക്ക് കേരളത്തിന്റെ ആഭ്യന്തര വകുപ്പും മൗനാനുവാദം കൊടുക്കുകയാണെന്നും അഷ്റഫ് മൗലവി ആരോപിച്ചു.
Content Highlights:SDPI leader murder-there is an understanding between the RSS and the Home Ministry- SDPI