“രക്തസാക്ഷിത്വം ആഗ്രഹിക്കുന്നവരാണ് എസ്ഡിപിഐയുടെ നേതാക്കളും പ്രവർത്തകരും. അതുകൊണ്ട് വിലാപയാത്രയായിട്ടല്ല. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിൽ ആനന്ദിച്ചുകൊണ്ട്, ആഹ്ലാദിച്ചുകൊണ്ട്, ആമോദിച്ചുകൊണ്ടാണ് ഈ യാത്രയെ അനുഗമിക്കുന്നത്. ഒരിക്കലും ഇതൊരു വിലാപയാത്രയാണെന്ന് മാധ്യമങ്ങൾ പറയരുത്.” എസ്ഡിപിഐ നേതാവ് പറഞ്ഞു.
ഞങ്ങളുടെ നേതാവ് ആർഎസ്എസുകാരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നത് യാഥാർത്ഥ്യമാണ്. ഇതൊരു വിലാപയാത്രയാണെന്ന് ആരും പറയരുതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം എസ്ഡിപിഐ, ബിജെപി സംസ്ഥാന നേതാക്കളുടെ കൊലപാതകത്തിൽ 50 പേരെ കസ്റ്റഡിയിലെടുത്തതായി ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു. എസ്ഡിപിഐ നേതാവ് ഷാന്റെ കൊലയുമായി ബന്ധപ്പെട്ട് 20 ബിജെപി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയുമായി ബന്ധപ്പെട്ട് 20 എസ്ഡിപിഐ പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും ഐജി പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ ഒരു സംഘം ആളുകൾ വെട്ടി പരിക്കേൽപ്പിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു പിന്നിൽ കാർ ഇടിപ്പിച്ചു വീഴ്ത്തിയ ശേഷമാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഇതിന്റെ പ്രതികാരം എന്ന നിലയ്ക്കാണ് ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായ രഞ്ജിത്ത് ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത്.