ആലപ്പുഴ > രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ കൂടുതൽ എസ്ഡിപിഐ ആർഎസ്എസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 50 ഓളം പേർ കസ്റ്റഡിയിൽ ഉള്ളതായി പൊലീസ് പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്ഡിപിഐ പ്രവര്‍ത്തകരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിക്കും. തുടർ അക്രമസംഭവങ്ങൾ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും.