തിരുവനന്തപുരം> സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്ക്കാന് വര്ഗീയവാദികളെ അനുവദിക്കരുതെന്ന് പുരോഗമന കലാസാഹിത്യ സംഘം.രണ്ട് തീവ്ര മതവര്ഗീയ സംഘങ്ങളുടെ സംസ്ഥാന നേതാക്കളാണ് ആലപ്പുഴ ജില്ലയില് കൊല്ലപ്പെട്ടിരിക്കുന്നത്. അത്യന്തം അപായകരമായ ഒരു സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ കൊണ്ടുപോകാനുള്ള പരിശ്രമമാണ് നടക്കുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം വ്യക്തമാക്കി.
കൊല്ലപ്പെട്ട രണ്ടു നേതാക്കളും ക്രിമിനല് പശ്ചാത്തലമുള്ളവരല്ലെന്നു കാണുന്നു. കൊലപാതകം നടന്ന രണ്ടുസ്ഥലങ്ങളിലും പ്രാദേശിക സംഘര്ഷങ്ങള് നിലനിന്നിരുന്നതായി അറിവില്ല. അങ്ങനെ വരുമ്പോള് കൃത്യമായ രാഷ്ട്രീയോദ്ദേശ്യം വെച്ചുള്ള ആസൂത്രിതമായ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്ന് വ്യക്തമാണ്.സമൂഹത്തെ മതത്തിന്റെ പേരില് വിഭജിച്ച് സംഘര്ഷമുണ്ടാക്കി നേട്ടമുണ്ടാക്കുക എന്ന അജണ്ട വെച്ചാണ് ആര്എസ്എസും എസ് ഡിപിഐയും പ്രവര്ത്തിക്കുന്നത്. സമാധാനാന്തരീക്ഷത്തില് നിലനില്ക്കാന് കഴിയാത്ത സംഘങ്ങളാണ് രണ്ടും. വിഭജനത്തിന് തടസം നില്ക്കുന്ന ജനാധിപത്യപ്രവര്ത്തകരെ അവര് ആക്രമിക്കാറുണ്ട്. ഇപ്പോള് നേരിട്ടുള്ള സംഘട്ടനത്തിലേക്ക് കടന്നിരിക്കുന്നു. മതത്തിന്റെ പേര് ദുരുപയോഗം ചെയ്തു നടത്തുന്ന ഇത്തരം കൊലപാതകങ്ങളിലൂടെ ജനങ്ങള് ഭിന്നിക്കുമെന്നും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങളുടെ അടിത്തറ തകരുമെന്നും അവര് കരുതുന്നു.
ഇനി ഈ കൊലപാതകങ്ങളുടെ പേരില് വൈകാരികാന്തരീക്ഷമുണ്ടാക്കാനാവും പരിശ്രമിക്കുക. ഇവിടെ യഥാര്ത്ഥ മതവിശ്വാസികള് കരുതിയിരിക്കണം. മതത്തിന്റെ പേരുപയോഗിച്ച് രാഷ്ട്രീയപ്രവര്ത്തനം നടത്തുന്നവര് മതത്തിന്റെ ശത്രുക്കളാണ് എന്ന വസ്തുത തിരിച്ചറിയണം. ജാതിക്കും മതവിഭജനങ്ങള്ക്കുമെതിരെ പോരാടിയ കേരളത്തിന്റെ മഹത്തായ നവോത്ഥാനചരിത്രം മനസില് സ്മരിച്ചു കൊണ്ട് സംസ്ഥാനത്ത് സമാധാനം നിലനിര്ത്താന് നമ്മള് ഓരോരുത്തരും പരിശ്രമിക്കണം.
എസ് ഡിപിഐ നേതാവ് കെഎസ് ഷാനിന്റേയും ബിജെപി നേതാവ് രഞ്ജിത്തിന്റേയും വിയോഗത്തില് ദു:ഖം രേഖപ്പെടുത്തുന്നതായും പുരോഗമന കലാസാഹിത്യ സംഘം വ്യക്തമാക്കി