വടകര > ടെഹറനിൽ നടന്ന 51-ാമത് റോഷ്ഡ് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മലയാളചിത്രം മടപ്പള്ളി യുണൈറ്റഡ് മികച്ച ഫിക്ഷൻ ചിത്രത്തിനുള്ള അവാർഡ് നേടി. വിദ്യാഭ്യാസവിഷയങ്ങൾ ആസ്പദമാക്കിയ സിനിമകൾ പ്രോത്സാഹിപ്പിക്കാൻ ഇറാൻ വിദ്യാഭ്യാസമന്ത്രാലയം വർഷംതോറും നടത്തുന്ന മേളയാണ് റോഷ്ഡ് ഫെസ്റ്റിവൽ.
നേരത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിൽ മികച്ച കുടുംബചിത്രത്തിനുള്ള പുരസ്കാരവും നാലാമത് കെനിയ ഇൻ്റർനാഷണൽ സ്പോർട്ട്സ് ഫിലിം ഫെസ്റ്റിവലിൽ സാമൂഹികസന്ദേശം അടങ്ങുന്ന മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. അജയ് ഗോവിന്ദ് ആണ് രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. കിഡ്സ് ഫസ്റ്റ് ഫിലിം ഫെസ്റ്റിവലിലും കൽക്കട്ട ഇൻ്റർനാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവലിലും ശ്രദ്ധ നേടിയ ചിത്രംകൂടിയാണ് മടപ്പള്ളി യുണൈറ്റഡ്. കെനിയൻ ക്രിക്കറ്റ് ടീം മുൻക്യാപ്റ്റൻ ആസിഫ് കരീം ഓൺലൈനായി പങ്കെടുത്ത് ചിത്രത്തിൻ്റെ സംവിധായകനെയും, പ്രധാന വേഷം അഭിനയിച്ച നടനുമായ ശ്രീകാന്ത് മുരളിയെയും മടപ്പള്ളി സ്കൂൾ വിദ്യാർത്ഥികളായ ബാലാതാരങ്ങളെയും അഭിനന്ദിച്ചത് വാർത്തയായിരുന്നു.
സഹാനുഭൂതിയുടെ സന്ദേശം നൽകുന്ന ചിത്രം ഒരുപാട് രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന സാമൂഹികമായ വെല്ലുവിളികൾ ആവിഷ്കരിക്കുന്നതാണ്. കളിക്കാൻ സ്വതന്ത്രമുള്ള അന്തരീക്ഷം കുട്ടികൾക്ക് ആസ്വദിക്കാനുള്ള അവസരം നാം നഷ്ടപ്പെടുത്തരുത് എന്ന സന്ദേശം ഫലപ്രദമായി ആവിഷ്കരിക്കുന്നതാണു ചിത്രം. മടപ്പള്ളി സർക്കാർ സ്കൂളിലെ കുട്ടികളാണ് സിനിമയിലെ നവാഗതരായ അഭിനേതാക്കൾ. കാസ്റ്റിങ് ഡയറക്ടറായ രാജേഷ് മാധവൻ സ്കൂളിൽ നടത്തിയ ഓഡിഷനിലൂടെയാണ് ഇവരെ കണ്ടെത്തിയത്. തീരദേശത്തെ വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് യുഎൽസിസിഎസ് ഫൗണ്ടേഷൻ നടപ്പാക്കിയ ‘മടപ്പള്ളി അക്കാദമിക് പ്രോഗ്രാം ഫോർ ലേണിങ് ആൻഡ് എംപവർമെന്റ്’ (MAPLE) എന്ന പരിപാടി വഴി വിദ്യാർത്ഥികൾ അവരുടെ സ്കൂളിൽ നിരവധി ശിൽപ്പശാലകളിൽ പങ്കെടുത്തിരുന്നത് ചിത്രത്തിനു സ്വാഭാവികത ഏറ്റുന്നു.
ശ്രീകാന്ത് മുരളി, ദേശീയഅവാർഡ് ജേതാവായ സാവിത്രി ശ്രീധരൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയപ്രകാശ് കുളൂർ, വിജിലേഷ് കാരയാട്, സിബി തോമസ് എന്നിവരും പ്രത്യേക വേഷത്തിൽ ഹരീഷ് പേരടിയും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.