തിരുവനന്തപുരം > ജനത്തെ ബുദ്ധിമുട്ടിക്കാതെയും ബസ് ഉടമകൾക്ക് നഷ്ടം സംഭവിക്കാതെയുമുള്ള ബസ് ചാർജ് പരിഷ്കരണമാണ് നടപ്പാക്കുകയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. പരിഷ്കരണം സമയബന്ധിതമാക്കും. കഴിഞ്ഞദിവസത്തെ കൂടിക്കാഴ്ചയിൽ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികൾ പണിമുടക്കിനില്ലെന്ന് അറിയിച്ചു. തീരുമാനം വേഗമാക്കണമെന്നാണ് ആവശ്യം. പണിമുടക്കുമെന്ന് മാധ്യമങ്ങൾ പറയുന്ന സംഘടനയ്ക്കും ഇതേ നിലപാടാണ്. അവരും സർക്കാരിൽ പൂർണവിശ്വാസം പ്രകടിപ്പിച്ചതായും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
പ്രതിസന്ധി മറികടക്കും
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം പൂർണമായും നൽകുന്നതിന് 30 കോടി രൂപകൂടി സർക്കാർ സഹായം ആവശ്യമാണ്. ഇത് ധനവകുപ്പിന്റെ പരിഗണനയിലാണ്.
കോർപറേഷന്റെ വരുമാനം ഉയരുന്നുണ്ട്. മേയിൽ 20 കോടിയായിരുന്ന വരുമാനം കഴിഞ്ഞമാസം 113 കോടിയായി. ഈ മാസം കൂടുതൽ ഉയരും. സ്വന്തംകാലിൽ നിൽക്കുന്നതുവരെ സർക്കാർ സഹായം വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.