തിരുവനന്തപുരം > കെ-റെയിലിനെതിരെയുള്ള ആരോപണങ്ങളെല്ലാം പൊളിഞ്ഞപ്പോൾ പച്ചനുണ പ്രചരിപ്പിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ശനിയാഴ്ച രാവിലെ കെപിസിസി പ്രസിഡന്റ് വാർത്താ സമ്മേളനത്തിൽ തട്ടിവിട്ട നുണകളും സത്യാവസ്ഥയും ചുവടെ:
കെ സുധാകരൻ: കെ-റെയിൽ എംഡി അജിത് കുമാറിന്റെ ഭാര്യയുടെ കെട്ടിടത്തിലാണ് കെ-റെയിൽ ഓഫീസ്.
വസ്തുത: കെ-റെയിൽ ഓഫീസ് ട്രാൻസ് ടവറിലെ അഞ്ചാം നിലയിലാണ്. ട്രാൻസ് ടവർ ട്രാൻസ്പോർട്ട് കമീഷണറുടെ ഉടമസ്ഥതയിലുള്ളതും സർക്കാരിന്റേതുമാണ്.
കെ സുധാകരൻ: സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ബന്ധുവിനെയും കെ-റെയിൽ ഓഫീസിൽ നിയമിച്ചു.
വസ്തുത: ആനാവൂർ നാഗപ്പന്റെ കുടുംബാംഗങ്ങളോ ഉറ്റവരോ അകന്ന ബന്ധുക്കളോപോലും കെ-റെയിൽ ഓഫീസിൽ ഇല്ല. ആനവൂർ നാഗപ്പന്റെ വീട്ടിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ഒരാൾ ഉണ്ട്. ഇരുവരും പരസ്പരം കണ്ടിട്ടുപോലുമില്ല.
കെ സുധാകരൻ: ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യയെ നിയമിച്ചു.
വസ്തുത: ജോൺ ബ്രിട്ടാസ് എംപിയുമായി വിവാഹിതയാകുംമുമ്പേ അവർ റെയിൽവേ ബോർഡ് ഉദ്യോഗസ്ഥയാണ്. സീനിയോറിറ്റി അനുസരിച്ച് എവിടേക്കും സ്ഥലംമാറ്റത്തിന് അവകാശമുണ്ടായിരിക്കെയാണ് തലസ്ഥാനത്തേക്ക് എത്തിയത്. ഇതിൽ സംസ്ഥാന സർക്കാരിനോ കെ-റെയിലിനോ ഒരു പങ്കുമില്ല.
റെയിൽവേ ഉദ്യോഗസ്ഥ എന്ന നിലയിലാണ് കെ-റെയിലിൽ എത്തിയത്. അവിടെ അവർ അഡ്മിനിസ്ട്രേഷൻ തലപ്പത്തുമല്ല.