കാസർകോട് > പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനു പിന്നിൽ രാഷ്ട്രീയമല്ല, വ്യക്തിവൈരാഗ്യമാണെന്ന് സിബിഐയും. കൊച്ചി സിബിഐ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണൻ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത്.
സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണത്തിലും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ, യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളും ഇതിനെതിരെ ഉറഞ്ഞുതുള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതും ഇവരുടെ ദുഷ്പ്രചാരണമാണ്.
കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങി നിരപരാധികളായ പത്ത് സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും പുതുതായി കേസിൽപ്പെടുത്തിയെങ്കിലും കൊലപാതകത്തിന്റ അടിസ്ഥാന കാരണം സിബിഐക്കു മറച്ചുവയ്ക്കാനായില്ല. സിപിഐ എം തുടക്കം മുതൽ സ്വീകരിച്ച നിലപാടിന്റെ സാധൂകരണം കൂടിയാണിത്.
സിപിഐ എം ലോക്കൽ കമ്മിറ്റി അംഗവും കേസിൽ ഒന്നാംപ്രതിയുമായ എ പീതാംബരനെ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ശരത്ലാൽ നേരത്തേ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. 2019 ജനുവരി അഞ്ചിനാണ് സംഭവം. ശരത്ലാലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്യോട്ട് കോളേജ് ബസ് തടഞ്ഞപ്പോൾ എ പീതാംബരനും സുഹൃത്ത് വിഷ്ണു സുര എന്ന സുരേന്ദ്രനും ചോദ്യംചെയ്തു. പീതാംബരനെ ശരത്ലാൽ ആക്രമിച്ചു. സാരമായി പരിക്കേറ്റ പീതാംബരന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സ തേടി. അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട ശരത്ലാലിന് ഇരുപതാം ദിവസമാണ് ജാമ്യം ലഭിച്ചത്.
ആശുപത്രിയിൽനിന്നിറങ്ങിയ പീതാംബരൻ ഇതിനു പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും പാർടി നേതൃത്വം പിന്തിരിപ്പിച്ചു. അതിനാൽ നേരിട്ട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി ശരത്ലാലുമായി വിരോധത്തിലായിരുന്ന ഗിജിനും മറ്റു സുഹൃത്തുക്കളുമായി ചേർന്ന് ആക്രമണം നടത്തുകയായിരുന്നു–- കുറ്റപത്രത്തിൽ വ്യക്തമാക്കി. സംഭവം നടന്ന 2019 ഫെബ്രുവരി 17ന് വൈകിട്ട് പ്രതികൾ ഏച്ചിലടുക്കം ബസ്സ്റ്റോപ്പിൽ ഒത്തുചേർന്നാണ് ആസൂത്രണം ചെയ്തതെന്നും കുറ്റപത്രത്തിൽ പറയുന്നു.