കളമശേരി > ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ബസുകൾ ഇറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഹൈഡ്രജൻ മിഷനിൽ പങ്കാളിയാകുന്നതോടെ കേരളത്തിന്റെ അടുത്ത റിഫൈനറിയായി ടിസിസി മാറുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്ഥാപനത്തിന്റെ പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈഡ്രജൻ മിഷന്റെ ഭാഗമായി 10 ബസ് വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള ഹൈഡ്രജൻ നൽകാൻ ടിസിസി തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ ഗ്രേഡ് ചെയ്ത് സ്വയംഭരണാവകാശം നൽകാൻ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. മികച്ച ആസൂത്രണമാണ് ടിസിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് കരുത്താകുന്നത്. ടിസിസി തൊഴിലാളികൾക്കുള്ള ശമ്പളകുടിശ്ശിക ഘട്ടംഘട്ടമായി കൊടുത്തുതീർക്കും. വർഷങ്ങളായി ജോലി ചെയ്യുന്ന, സ്ഥിരപ്പെടുത്താനാകാത്ത തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കും. ലാഭവിഹിതത്തിൽനിന്ന് തൊഴിലാളികൾക്ക് സമ്മാനം നൽകണമെന്ന യൂണിയനുകളുടെ ആവശ്യം അംഗീകരിച്ചു. കരാർ തൊഴിലാളികൾക്കും സമ്മാനം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ടിസിസിയിൽ 3 പദ്ധതികൾക്ക് തുടക്കം
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ മൂന്നു പദ്ധതികൾ വ്യവസായമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ദിവസവും 75 ടൺ ഉൽപ്പാദനശേഷിയുള്ള കോസ്റ്റിക് സോഡ പ്ലാന്റ്, ഫ്ലോട്ടിങ് ജെട്ടി, ബോയിലറിലേക്ക് ആർഎൽഎൻജി ഇന്ധനത്തിന്റെ കമീഷനിങ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.
നഷ്ടം പെരുകി അടച്ചുപൂട്ടലിലെത്തിയ കമ്പനി, എൽഡിഎഫ് സർക്കാരിന്റെ ഇടപെടലിലാണ് ലാഭത്തിലായത്. തുടർന്ന് സ്ഥാപനം വികസനപാതയിലായി. അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കിയ അഞ്ചു പദ്ധതികളിൽ മൂന്നെണ്ണമാണ് ഉദ്ഘാടനം ചെയ്തത്. രണ്ടു പദ്ധതികൾ നേരത്തേ പ്രവർത്തനം ആരംഭിച്ചു. ചടങ്ങിൽ ഹൈബി ഈഡൻ എംപി അധ്യക്ഷനായി. എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി കെ സന്തോഷ് കുമാർ, വി ഇ അബ്ദുൾ ഗഫൂർ, മുഹമ്മദ് അൻസാർ, കെ ആർ കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു. കമ്പനി എംഡി കെ ഹരികുമാർ സ്വാഗതവും ജനറൽ മാനേജർ ആർ രാജീവ് നന്ദിയും പറഞ്ഞു.ത്തിന്റെ കമീഷനിങ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.