തൃശൂർ > മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെ വടക്കാഞ്ചേരി ലൈഫ് പദ്ധതിക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. വീടില്ലാത്ത 140 കുടുംബങ്ങൾക്കാണ് ഇത് പ്രതീക്ഷയേകുന്നത്. വിഷയം യുഇഎ വിദേശ വാണിജ്യമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായി മുഖ്യമന്ത്രി ചർച്ച ചെയ്തു. പദ്ധതി പൂർത്തിയാക്കാൻ സഹായിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രളയ അതിജീവനത്തിനായി ഭവനസമുച്ചയവും ആശുപത്രിയും സംസ്ഥാന സർക്കാരിന് നിർമിച്ച് നൽകാമെന്ന് യുഇഎ റെഡ് ക്രസന്റ് അറിയിക്കുകയായിരുന്നു. നിർമാണ ഏജൻസിയെ നിശ്ചയിച്ചതും കരാർ നൽകിയതും പണമിടപാട് നടത്തിയതുമെല്ലാം യുഎഇ കോൺസുലേറ്റും റെഡ്ക്രസന്റുമായിരുന്നു. നിർമാണക്കമ്പനിയായ യൂണിടാക്കുമായി ധാരണപത്രം ഒപ്പിട്ടതും ഇവരാണ്.
സർക്കാരിന് സാമ്പത്തികമായി ഒരു ഇടപാടുമില്ല. റെഡ്ക്രസന്റിൽനിന്ന് സർക്കാരോ ലൈഫ് മിഷനോ പണം സ്വീകരിച്ചിട്ടില്ല. ഇതെല്ലാം വ്യക്തമായിട്ടും യുഡിഎഫും ബിജെപിയും അഴിമതി ഉന്നയിച്ച് പരാതി നൽകി. നിരന്തരം നിർമാണം തടസ്സപ്പെടുത്തി.
പദ്ധതി അട്ടിമറിക്കുകയെന്ന ലക്ഷ്യംവച്ച് വടക്കാഞ്ചേരി എംഎൽഎയായിരുന്ന അനിൽ അക്കര സിബിഐക്ക് പരാതി നൽകി. ബിജെപി, കോൺഗ്രസ് ഗൂഢാലോചനയിൽ ഞൊടിയിടകൊണ്ട് കേസ് സിബിഐ ഏറ്റെടുത്തു. ഒരു വിഭാഗം മാധ്യമങ്ങളുടെ സഹായത്തോടെ ഇവർ കള്ളക്കഥകളും പ്രചരിച്ചു. ഇതോടെ ആശങ്കയിലായ നിർമാണക്കമ്പനി യൂണിടാക് പണി നിർത്തിവയ്ക്കുകയായിരുന്നു.