തിരുവനന്തപുരം > പ്രാഥമിക, കുടുംബ ആരോഗ്യകേന്ദ്രങ്ങളിൽ ഇനി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭിക്കും. മെഡിക്കൽ കോളേജ് ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യേണ്ട രോഗികൾക്ക് പ്രാഥമിക, കുടുംബ ആരോഗ്യകേന്ദ്രങ്ങളിൽത്തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ടെലിഫോണിലൂടെ നൽകുന്ന ഇ–സഞ്ജീവനി ഡോക്ടർ ടു ഡോക്ടർ പദ്ധതി എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
പദ്ധതി നടപ്പാകുന്നതോടെ മെഡിക്കൽ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും തിരക്ക് കുറയുമെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
കോഴിക്കോട് ആരംഭിച്ച പദ്ധതി വിജയമായതിനാൽ പത്തനംതിട്ട, എറണാകുളം, മലപ്പുറം, ആലപ്പുഴ, കാസർകോട്, കോട്ടയം ജില്ലയിലേക്ക് വ്യാപിപ്പിച്ചിരുന്നു. കോവിഡിൽ രോഗികൾക്ക് ആശുപത്രിയിലെത്താതെ ആരോഗ്യസേവനം ലഭിക്കാനാണ് ഇ–സഞ്ജീവനി നടപ്പാക്കിയത്. ഇതുവരെ മൂന്നുലക്ഷത്തിലധികം പേർക്ക് ചികിത്സ നൽകി. പ്രതിദിനം 600 പേർവരെ ഈ സേവനം ഉപയോഗിക്കുന്നു.
ഡോക്ടർ ടു ഡോക്ടർ
താലൂക്ക് ആശുപത്രി, കുടുംബ, സാമൂഹ്യ ആരോഗ്യകേന്ദ്രം, കുടുംബാരോഗ്യ ഉപകേന്ദ്രം, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിലെത്തുന്ന രോഗികൾക്ക് ഇവിടുത്തെ ഡോക്ടർമാർ വഴി മെഡിക്കൽ കോളേജുകളിലെ സ്പെഷ്യലിസ്റ്റ് ഡോക്ർമാരുടെ സേവനമാണ് ഉറപ്പാക്കുന്നത്. പാലിയേറ്റീവ് നഴ്സുമാർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായ നഴ്സുമാർ എന്നിവർ വഴിയും സേവനം തേടാം.