പയ്യോളി > തിക്കോടി പഞ്ചായത്ത് ഓഫീസിനുമുന്നിൽവച്ച് അതിദാരുണമായി കൊലചെയ്യപ്പെട്ട കൃഷ്ണപ്രിയക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന വിട. പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ തിക്കോടിയിലേക്ക് കൊണ്ടുവന്ന മൃതദേഹം പഞ്ചായത്ത് ഓഫീസിനുമുമ്പിൽ പൊതുദർശനത്തിന് വച്ചു.
മൃതദേഹത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പചക്രം അർപ്പിച്ചു. പകൽ 1.30ഓടെ വീട്ടിലെത്തിച്ച മൃതദേഹം ഒരുനോക്ക് കാണാൻ വൻ ജനാവലി അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. അച്ഛനെയും അമ്മയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കാൻ നാട് ഏറെ പാടു പെട്ടു.
സഹോദരൻ യദുകൃഷ്ണ ചിതയ്ക്ക് തീകൊളുത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് എസ് സതീഷ്, കാനത്തിൽ ജമീല എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ടി ചന്തു, ഏരിയാ സെക്രട്ടറി എം പി ഷിബു, തിക്കോടി സൗത്ത് ലോക്കൽ സെക്രട്ടറി ബിജു കളത്തിൽ, നോർത്ത് ലോക്കൽ സെക്രട്ടറി പി ജനാർദനൻ, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, അഡ്വ. പി കുൽസു, സുരേഷ് ചങ്ങാടത്ത്, എൻ വി രാമകൃഷ്ണൻ, ഡി ദീപ എന്നിവർ എത്തിച്ചേർന്നു.
പ്രേമാഭ്യർഥന നിരസിച്ചതിന്റെയും വ്യക്തിജീവിതത്തിൽ അന്യായമായി ഇടപെടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെയും വൈരാഗ്യത്തിൽ വലിയ മഠത്തിൽ നന്ദകുമാർ കൃഷ്ണപ്രിയയെ തടഞ്ഞുനിർത്തി കത്തികൊണ്ട് കുത്തിമുറിവേൽപ്പിക്കുകയും പെട്രോളൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെള്ളിയാഴ്ച 4. 30ഓടെ മരണമടയുകയായിരുന്നു.