വടകര > വടകര താലൂക്ക് ഓഫീസ് തീവയ്പ് കേസിൽ ആന്ധ്രപ്രദേശ് സ്വദേശി കസ്റ്റഡിയിൽ. കേരള ക്വയർ തിയേറ്ററിന് സമീപത്തെ പഴയ കെട്ടിടത്തിൽ താമസിച്ചിരുന്ന സതീശ് നാരായണനെ(32)യാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. വടകരയിലെ മറ്റ് മൂന്ന് കെട്ടിടങ്ങൾക്ക് നേരത്തേ തീയിട്ട കേസിൽ ഇയാളെ അറസ്റ്റു ചെയ്തു.
എടോടി സിറ്റി സെന്റർ, മിനി സിവിൽ സ്റ്റേഷനിലെ എൽഎഎൻഎച്ച് ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ശുചിമുറി എന്നിവിടങ്ങളാണ് നേരത്തേ തീയിട്ട് നശിപ്പിച്ചത്. സിറ്റി സെന്ററിലെ സിസിടിവി ദൃശ്യത്തിൽ നിന്നാണ് സൂചന ലഭിച്ചത്. താലൂക്ക് ഓഫീസിന് തീയിട്ടതും ഇയാളാണെന്നാണ് സൂചന. ഇതിൽ ശാസ്ത്രീയ അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്തൂവന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് പറഞ്ഞു.
തീയിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ശുചിമുറിയിൽ തെലുങ്കിലും ഹിന്ദിയിലും ഇയാൾ കാമുകിയുടെയും സിനിമാതാരങ്ങളുടെയും പേര് എഴുതിയിരുന്നു. അതും തെളിവാകും. ആന്ധ്രയിലെ താമസസ്ഥലം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് പ്രതിയെ പിടികൂടിയത്.