ശബരിമല > ജില്ലാ ഭരണകേന്ദ്രവും ഹരിത കേരള മിഷനും ശബരിമല സാനിറ്റേഷൻ സൊസൈറ്റിയും ചേർന്ന് ഫെഡറൽ ബാങ്കിന്റെ സഹായത്തോടെ നടത്തുന്ന ‘ശുചീകരണ വഴിപാട്’ പദ്ധതി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ പമ്പയിൽ ഉദ്ഘാടനം ചെയ്തു. പമ്പയിൽ അയ്യപ്പന്റെ പൂങ്കാവനം ശുചിയാക്കുന്നതിന് തീർഥാടകർക്കും അവസരം നൽകുന്നതാണ് പദ്ധതി.
സ്വച്ഛം ഹരിതം ശബരിമലയുടെ ഭാഗമായാണിത്. ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകുന്ന തീർഥാടകർക്ക് തുളസിച്ചെടി സൗജന്യമായി നൽകും. തുളസിച്ചെടികൊണ്ട് തുളസി വനം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ പമ്പയിൽ ആരംഭിക്കുന്ന പദ്ധതി പിന്നീട് സന്നിധാനത്തേക്കും വ്യാപിപ്പിക്കും. 25 വർഷം പൂർത്തിയാക്കിയ വിശുദ്ധി സേനാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. ശബരിമല എഡിഎം അർജുൻ പാണ്ഡ്യൻ, ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ, ഹരിത കേരളം മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ആർ രാജേഷ്, പമ്പ സ്പെഷൽ ഓഫീസർ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.