മാനന്തവാടി > ഇരുപത്തിയൊന്നുദിനം നാടിനെ വിറപ്പിച്ച്, 17 വളർത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിൽ. ശനിയാഴ്ച രാവിലെ കുറുക്കൻമൂല പിഎച്ച്സിയുടെ പരിസരത്തും മൂന്ന് ആടുകൾ കൊല്ലപ്പെട്ട തേനംകുടി ജിൽസിന്റെ വീട്ടുപരിസരത്തും കണ്ടെത്തിയ കാൽപ്പാട് പിന്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സന്ധ്യയോടെ കടുവയെക്കുറിച്ച് സൂചനകിട്ടിയത്. ബേഗൂർ റെയിഞ്ചിലെ ഒലിയോട്ട് സംരക്ഷിത വനത്തിലാണ് കടുവയുള്ളത്. കടുവയെ കണ്ടെത്താൻ കഴിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്ന കരീം പറഞ്ഞു.
വയനാട് ഇന്നോളം കാണാത്തവിധത്തിലുള്ള തിരച്ചിൽ സംവിധാനമാണ് കുറുക്കൻമൂലയിലും പരിസരപ്രദേശത്തും വനംവകുപ്പൊരുക്കിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വെള്ളിയാഴ്ച വൈകിട്ട് സ്ഥലത്തെത്തിയിരുന്നു.
ശനിയാഴ്ച തിരച്ചിലിന് ആവശ്യമായ നിർദേശവുംനൽകി. അഞ്ച് ഡിഎഫ്ഒമാർ, ഉത്തരമേഖലാ സിസിഎഫ്, എട്ട് റെയ്ഞ്ചർമാർ, 29 ഫോറസ്റ്റർമാർ, 66 ബീറ്റ് ഓഫീസർമാർ, 127 വാച്ചർമാർ എന്നിവരാണ് തിരച്ചിൽ സംഘത്തിന് നേതൃത്വംനൽകിയത്. മുത്തങ്ങയിൽനിന്നെത്തിച്ച രണ്ട് കുങ്കിയാനകൾ, മൂന്ന് ഡ്രോൺ എന്നിവയുപയോഗിച്ചും തിരച്ചിൽ നടത്തി. കടുവയെതേടി പ്രദേശത്ത് 30 ക്യാമറകളും സ്ഥാപിച്ചു. മാനന്തവാടി നഗരസഭയുടെ എട്ട് വാർഡുകളിൽ നിരോധനാജ്ഞയും പുറപ്പെടുവിച്ചിരുന്നു.