തിരുവനന്തപുരം > സംസ്ഥാനത്തെ വികസനപദ്ധതികളെ എതിർക്കില്ലെന്നും എന്നാൽ വികസനപദ്ധതികൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സിൽവർലൈൻ പദ്ധതിക്ക് എതിരായ നിലപാട് രാഷ്ട്രീയമാണ്. അതിനെതിരെ നിലപാട് എടുത്ത ശശി തരൂർ എംപിയോട് വിശദീകരണം ചോദിക്കും. എന്നാൽ, മുഖ്യമന്ത്രിയെ പുകഴ്ത്തിയതിനല്ല വിശദീകരണം ചോദിക്കുന്നത്. സിവൽവർ ലൈൻ പദ്ധതിക്ക് ചുക്കാൻപിടിക്കുന്ന കെ–-റെയിലിൽ സിപിഐ എമ്മുകാരെ കുത്തിനിറച്ചിരിക്കുകയാണ്. ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യയെ അവിടെ നിയമിച്ചു.
സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ ബന്ധുവാണ് കമ്പനി സെക്രട്ടറി, എംഡിയുടെ ഭാര്യയുടെ കെട്ടിടത്തിലാണ് കെ–- റെയിൽ ഓഫീസെന്നും സുധാകരൻ ആരോപിച്ചു. വാർത്താസമ്മേളനത്തിനു പിന്നാലെ സെക്രട്ടറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും യുഡിഎഫ് മാർച്ചും നടത്തി.