തിരുവനന്തപുരം > സിൽവർലൈൻ അർധഅതിവേഗ പാതയ്ക്കെതിരെ വ്യാപകപ്രചാരണത്തിന് തുടക്കമിട്ടെങ്കിലും ‘വികസനം മുടക്കി ’കളാകുമെന്ന ഭയം കോൺഗ്രസിനെ അങ്കലാപ്പിലാക്കി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തിരുവനന്തപുരത്തും കെ സി വേണുഗോപാൽ ഡൽഹിയിലും നടത്തിയ പ്രതികരണത്തിൽ ഈ അങ്കലാപ്പ് വ്യക്തമായി.
പദ്ധതിയെ എതിർക്കില്ലെന്ന് വ്യക്തമാക്കിയ ശശി തരൂരിനെ കേട്ടശേഷം തീരുമാനം എടുക്കുമെന്നാണ് ഇവരുടെ നിലപാട്. ഗെയിൽ പൈപ്പ് ലൈൻ, ദേശീയപാത വികസനം, വിമാനത്താവളങ്ങളുടെ സ്ഥലമെടുപ്പ് എന്നിവയിലും എതിർത്തെങ്കിലും സർക്കാർ നിലപാട് ജനങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് ലുലുമാൾ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വികസനം മുടക്കികളെ തുറന്നുകാണിച്ച് സംസാരിച്ചിരുന്നു. ഇതിന് വ്യാപക പിന്തുണ ലഭിച്ചു. ഇതേ വേദിയിൽ ശശി തരൂർ, പിണറായി വിജയന്റെ വികസന നടപടികളെ പ്രശംസിച്ചു. നാട് നന്നാകുന്ന പദ്ധതികൾക്ക് കക്ഷിരാഷ്ട്രീയത്തിന് അപ്പുറമുള്ള ഐക്യം വേണമെന്ന സന്ദേശം ആ വേദിയിൽ ഉയർന്നു.
രാഹുൽ ഗാന്ധിയും എ കെ ആന്റണിയും തരൂരിന്റെ നിലപാടിനൊപ്പമാണ്. കൊടിക്കുന്നിൽ സുരേഷാണ് പദ്ധതിയെ ആദ്യംമുതൽ എതിർത്തത്. മന്ത്രിക്ക് നിവേദനം നൽകാൻ നേതൃത്വം നൽകിയതും കൊടിക്കുന്നിലാണ്.